സേവനപാതയില്‍ ആത്മനിര്‍വൃതിയുമായി ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം
Wednesday, September 30, 2015 6:38 AM IST
ജിദ്ദ: ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളായ അഞ്ഞൂറോളം വരുന്ന ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം വോളന്റിയര്‍മാര്‍ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം മാനവലോകത്തിനു നല്‍കി സേവനപാതയില്‍ പുതിയൊരു ചരിത്രം തീര്‍ത്തു തിരിച്ചെത്തി.

എല്ലാം മറന്നു അല്ലാഹുവിന്റെ അതിഥികളെ സേവിക്കാനും സംരക്ഷിക്കാനും ഇന്ത്യ എന്ന മാതൃ രാജ്യത്തിന്റെ ബാനറില്‍ ഒറ്റകെട്ടായി നില നിന്നപ്പോള്‍ ചരിത്രം ഒരിക്കല്‍ കൂടി രചിക്കപ്പെട്ടു. ഹാജിമാരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനലില്‍നിന്നു തുടങ്ങിയ ദൌത്യം ഇരു ഹറമുകളിലും പിന്നീട് മിനയിലും ചിട്ടയോടു കൂടി സേവനരംഗത്ത് സജീവമായി.

മിനയിലെ ടെന്റുകളിലും വഴി വക്കുകളിലും വോളന്റിയര്‍മാര്‍ ഹാജിമാര്‍ക്ക് തുണയായി. മുസ്തലിഫയില്‍നിന്നു മിനയിലെ ടെന്റുകള്‍ തേടി വന്ന നിരവധി ഹാജിമാരെ ഫോറം വോളന്റിയര്‍മാര്‍ അവരവരുടെ ടെന്റുകളില്‍ എത്തിക്കാന്‍ സഹായിച്ചു. ജമ്രകളിലും വോളന്റിയര്‍മാരുടെ സാന്നിധ്യം ഹജിമാര്‍ക്കു സഹായകമായി.

മിനയിലെ അപകടം നടന്ന സമയത്തും വിവിധ ആശുപത്രികളിലും സജീവമായ സാന്നിധ്യം ഹാജിമാര്‍ക്കു തുണയായി. മണിക്കൂറുകള്‍ നീണ്ട ആശുപത്രികളിലെ സേവനം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ ഉറ്റവരുടെ വേര്‍പാടുകളില്‍ പതറാതെ സേവനരംഗത്ത് അവര്‍ ഉറച്ചുനിന്നു. നിരവധി പേര്‍ തങ്ങളുടെ കൈകളില്‍ കിടന്നു ശഹാദത് ചൊല്ലി വിട പറഞ്ഞെന്നു ഫോറം വോളന്റിയര്‍മാരായ ഹനീഫ കാസര്‍ഗോഡും സുബൈര്‍ മുസ്ലിയാരും പങ്കുവച്ചു. ഹജ്ജ് മിഷന്‍ ഓഫീസുകളിലും ഹജ്ജ് വെല്‍ഫയര്‍ വോളന്റിയര്‍മാര്‍ സജീവമായിരുന്നു.

എല്ലാ വര്‍ഷവും ഹജിമാര്‍ക്കു തുണയാവുന്ന കഞ്ഞിവിതരണം ഈ വര്‍ഷവും വിപുലമായി നടത്തി. ഇരുപതിനായിരത്തോളം കഞ്ഞി പായ്ക്കറ്റുകളും അച്ചാറും മലയാളി ഹജിമാര്‍ക്കും അല്ലാത്തവര്‍ക്കും വിതരണം ചെയ്തു. മറ്റു ഹജിമാര്‍ക്ക് ഇത്തവണ റൊട്ടിയും പരിപ്പു കറിയും വിതരണം ചെയ്തു ഫോറം തങ്ങളുടെ സേവന പാത വികസിപ്പിച്ചു. താമസ സൌകര്യവും വാഹന സൌകര്യവും ഇത്തവണയും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സൌകര്യപ്പെടുത്തിയതു പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി.

ചെയര്‍മാന്‍ അബാസ് ചെമ്പന്‍, കണ്‍വീനര്‍ ഇസ്മയില്‍ കല്ലായി, ജനറല്‍ സെക്രട്ടറി അന്‍ഷാദ് മാസ്റര്‍, വൈസ് കണ്‍വീനര്‍ നസീര്‍ വാവ കുഞ്ഞു, ട്രഷറര്‍ അബ്ദുള്‍ റഹ്മാന്‍ വണ്ടൂര്‍, വോളന്റിയര്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ കളികാവ്, അബ്ദുള്‍ ഗഫൂര്‍ പാണമ്പ്ര, കെ.ടി.എ. മുനീര്‍, അന്‍വര്‍ വടക്കെങ്ങര, മുഹമ്മദ് റാഷി, കെ.ടി. മുസ്തഫ പെരുവള്ളൂര്‍, മുംതാസ് അഹമ്മദ്, നാസര്‍ ചാവക്കാട്, ഷാനവാസ് വണ്ടൂര്‍, വി.കെ. ഹമീദ്, ഒഴൂര്‍ റഷീദ് തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍