നാദാപുരം മണ്ഡലം കെഎംസിസി നവമാധ്യമരംഗത്ത് പ്രതിരോധം തീര്‍ക്കുന്നു
Wednesday, September 30, 2015 6:35 AM IST
അബുദാബി: നാദാപുരം മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയതക്കെതിരെ നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി യുവജനങ്ങള്‍ക്കിടയില്‍ സ്നേഹത്തിലൂടെ പ്രതിരോധം തീര്‍ക്കാന്‍ ലക്ഷ്യമിട്ട് 'സ്നേഹത്തിനൊരു സെല്‍ഫി' എന്ന ബോധവത്കരണ പരിപാടിക്ക് ഒക്ടോബര്‍ ഒന്നിനു തുടക്കം കുറിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കേരള നിയമസഭയിലെ യുവ സാമാജികരായ വി.ടി. ബല്‍റാമും കെ.എം. ഷാജിയും ചേര്‍ന്ന് ആദ്യ സെല്‍ഫി എടുത്ത് ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. ഷബീര്‍ നെല്ലിക്കോട്, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

വിവിധ മതവിഭാഗങ്ങളില്‍ പെട്ട സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള സെല്‍ഫികള്‍ എടുത്ത്, സുഹൃത്തിനെക്കുറിച്ചും സൌഹൃദത്തെക്കുറിച്ചും ഒരു ചെറു കുറിപ്പ് സഹിതം നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനാണു കെഎംസിസി ലക്ഷ്യമിടുന്നത്.

കേരളത്തിലെ കലാലയങ്ങള്‍ തോറും ഇതിന്റെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ഏറ്റവും നല്ല സെല്‍ഫിക്കും അടിക്കുറിപ്പിനും പതിനായിരം രൂപ വീതം സമ്മാനമായി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമാപന സമ്മേളനം നവംബറില്‍ നാദാപുരത്ത് നടത്തും.

പത്രസമ്മേളനത്തില്‍ നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മുഹമ്മദ് ബംഗ്ളത്ത്, പാര്‍ക്കോ ഗ്രൂപ്പ് ഡയറക്ടര്‍ പി.പി. റിയാസ്, ഇസ്മയില്‍ പോയില്‍, സി.എച്ച്. ജാഫര്‍ തങ്ങള്‍, അഷ്റഫ് നരിക്കോട് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള