ക്രോസ് വെ മാര്‍ത്തോമ കൂട്ടായ്മയ്ക്ക് ഭദ്രാസന അംഗീകാരം
Wednesday, September 30, 2015 5:11 AM IST
പ്ളാനൊ (ഡാളസ്): മാര്‍ത്തോമ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ ക്രോസ് വെ കോണ്‍ഗ്രിഗേഷനു നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ഔദ്യോഗിക അംഗീകാരം നല്‍കി.

സെപ്റ്റംബര്‍ 27-നു (ഞായറാഴ്ച) സൌത്ത് വെസ്റ് റീജിയന്‍ മര്‍ത്തോമ ഇടവകകള്‍ക്കയച്ച കല്‍പനയിലാണു കോണ്‍ഗ്രിഗേഷന്‍ രൂപീകരണം സംബന്ധിച്ചുളള എപ്പിസ്കോപ്പായുടെ അറിയിപ്പുണ്ടായത്.

മാര്‍ത്തോമ സഭയിലെ യുവജനങ്ങള്‍ക്കിടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകാംഗമായ ജോജി കോശിയുടെ നേതൃത്വത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ നാലു ഇടവകകളില്‍ നിന്നുമുളള യുവജനങ്ങള്‍ മൂന്നു വര്‍ഷം മുമ്പു ആരംഭിച്ച കൂട്ടായ്മയാണു ഭദ്രാസന എപ്പിസ്കോപ്പായുടെ കല്പനയിലൂടെ കോണ്‍ഗ്രിഗേഷനായി രൂപപ്പെട്ടത്.

മാര്‍ത്തോമ സഭയിലെ പരിചയ സമ്പന്നനും സീനിയര്‍ പട്ടക്കാരനുമായ റവ. മാത്യു ജോസഫച്ചനെ പുതിയ വികാരിയായി നിയമിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനംകൊണ്ട് 32 കുടുംബങ്ങള്‍ അംഗത്വം സ്വീകരിച്ചു. സഭാ ഭരണഘടനയ്ക്കു വിധേയമായി അമ്പതു കുടുംബങ്ങള്‍ അംഗങ്ങള്‍ ആകുന്നതോടെ മര്‍ത്തോമ സഭയ്ക്ക് ഡാളസില്‍ മറ്റൊരു ഇടവകയെക്കൂടി പ്രതീക്ഷിക്കാം.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍