സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിക്കുന്നു
Wednesday, September 30, 2015 5:10 AM IST
ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് സീറോ മലബാര്‍ കത്തോലിക്ക ഇടവകയില്‍ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാള്‍ ഈ വര്‍ഷവും ഭക്ത്യാഡംബരപൂര്‍വം കൊണ്ടാടുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമ്മാശ്ളീഹായുടേയും തിരുനാളുകള്‍ സംയുക്തമായി ടോംകിന്‍സ് അവന്യൂവിലുള്ള സെന്റ് ജോസഫ് പള്ളിയില്‍ വച്ച് ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളോടും പ്രൌഢഗംഭീരമായ പ്രദക്ഷിണത്തോടുംകൂടി ഒക്ടോബര്‍ 18-നു (ഞായറാഴ്ച) ആഘോഷിക്കുന്നതാണ്.

ഷിക്കാഗോ സെന്‍റ്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പിതാവ് തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബ്രോങ്ക്സ് ഫൊറോന പള്ളി വികാരി ഫാ. ജോസ് കണ്ടത്തിക്കുടി തിരുനാള്‍ സന്ദേശംനല്‍കും. ന്യുയോര്‍ക്ക്, ന്യൂജേഴ്സി ഇടവകകളിലെ എല്ലാ വികാരിമാരും തിരുനാള്‍ കര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിക്കും.

പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം കൊടികളുടെയും, മുത്തുക്കുടകളുടെയും, ചെണ്ടവാദ്യമേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നള്ളിച്ചുകൊണ്ട് നഗരം ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് സ്േനഹവിരുന്നും ലോംഗ് ഐലന്‍ഡ് താളലയം ടീം അവതരിപ്പിക്കുന്ന ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്.

പാലായിലെ രാമപുരം നിവാസിയും സ്റാറ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായ വട്ടുകുന്നേല്‍ ടോം തോമസും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിനു ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ഥനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും തിരുനാളുവരെയുള്ള എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി വൈകുന്നേരം 4.30നു നടത്തുന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടുംകൂടി നടത്താനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രസുദേന്തി ടോം തോമസ് (9174789896) അറിയിച്ചു.

റിപ്പോര്‍ട്ട്: ബേബിച്ചന്‍പൂഞ്ചോല