ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പില്‍ അഭയാര്‍ഥികള്‍ തമ്മിലടി; സര്‍ക്കാരിനു തലവേദനയാവുന്നു
Tuesday, September 29, 2015 8:40 AM IST
ബര്‍ലിന്‍: ജര്‍മനി പൂര്‍ണമനസോടെ അഭയാര്‍ഥികളെ സ്വീകരിച്ച് അഭയം നല്‍കിയത് ഇപ്പോള്‍ സര്‍ക്കാരിനുതന്നെ തലവേദനയാവുന്നു.

ഇക്കഴിഞ്ഞ ദിവസം കാസല്‍ പട്ടണത്തില്‍ 1500 ഓളം അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ അഭയാര്‍ഥികള്‍ തമ്മിലുള്ള സംഘടനവും കൈയേറ്റവും ഉണ്ടായതിനെത്തുടര്‍ന്ന് പോലീസിനെ പ്രത്യേക ഡൂട്ടിക്ക് ഇട്ടിരിക്കുകയാണ് ഇവിടെ. സംഭവത്തിന്റെ പേരില്‍ 14 അഭയാര്‍ഥികളെ പോലീസ് അറസ്റ് ചെയ്തു.

വിവിധ മതസ്ഥരും വിവിധ രാജ്യക്കാരും തമ്മിലുള്ള പൊരുത്തക്കേടും അവരുടെ ആചാരങ്ങളുമാണു കൈയേറ്റത്തിന്റെ കാരണമായി പോലീസ് നിരത്തുന്നത്. ശാന്തമായി എത്തിയവരൊക്കെയും ഇപ്പോള്‍ അവരവരുടെ തനിറം പുറത്തെടുക്കുകയാണെന്ന ശക്തമായ ആക്ഷേപമാണു പുറംലോകത്തു നിന്നും ഇപ്പോള്‍ ഉയരുന്നത്. ഭാഷ, മതം, സംസ്കാരം, ഭക്ഷണരീതി തുടങ്ങിയ കാര്യങ്ങളെ അവലംബിച്ചാണ് അഭയാര്‍ഥികള്‍ തമ്മില്‍ ബലാബലം നോക്കുന്നത്.

മുന്നൂറിലധികം വരുന്ന അല്‍ബേനികളായ അഭയാര്‍ഥികള്‍ നൂറോളം പാകിസ്ഥാന്‍ സ്വദേശികളായ അഭയാര്‍ഥികളെ കൈക്കരുത്തുകൊണ്ടു നേരിടുകയായിരുന്നു. ഇതിനിടെ കത്തിക്കുത്തും ഉണ്ടായതായി പോലീസ് വെളിപ്പെടുത്തി. അഭയാര്‍ഥികള്‍ അക്രമം കാട്ടിയാല്‍ നിരുപാധികം നാടുകടത്തുമെന്ന് അധികാരികളുടെ ഭാഗത്തും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും കൂടുതലായി അഭയാര്‍ഥി പ്രശ്നത്തിനുമേല്‍ പതിക്കുമെന്നുറപ്പാണ്.

ജര്‍മനിയില്‍ അഭയാര്‍ഥികളുടെ വീടുകള്‍ക്കു നേരേയുള്ള ആക്രണം ഇരട്ടിയായി



ജര്‍മനിയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന വീടുകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിയായെന്ന് പോലീസ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഇതുവരെ ഇത്തരത്തില്‍ 437 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള കണക്കാണിത്. വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുന്നതു കൂടാതെ, വിദ്വേഷ പ്രസംഗങ്ങളും അഭയാര്‍ഥിവിരുദ്ധ പ്രചാരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ആകെ രേഖപ്പെടുത്തിയിരുന്നത് ഇത്തരത്തിലുള്ള ഇരുനൂറ് കേസുകള്‍ മാത്രമായിരുന്നു. ഹൈഡനാവു എന്ന നഗരമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

ഇതിനിടെ പല ക്യാമ്പുകളിലും വിവിധ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ കാസലിലെ ഒരു ക്യാമ്പില്‍ പാക്കിസ്ഥാന്‍കാരും അല്‍ബേനിയക്കാരും ഏറ്റുമുട്ടിയപ്പോള്‍ പോലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. സംഭവത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ പതിനാലു പേര്‍ക്കു പരിക്കേറ്റു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍