ബര്‍ലിന്‍ മാരത്തണില്‍ ലണ്ടന്‍ മലയാളി സാന്നിധ്യം ശ്രദ്ധേയമായി
Tuesday, September 29, 2015 8:38 AM IST
ബര്‍ലിന്‍: സെപ്റ്റംബര്‍ 27നു ബര്‍ലിനില്‍ നടന്ന 42-ാമത് മാരത്തണില്‍ ലണ്ടന്‍ മലയാളിയായ സോജന്‍ ജോസഫ് ശ്രദ്ധേയനായി. ലണ്ടനിലെ കെന്റില്‍ താമസിക്കുന്ന സോജന്‍ നാലു മണിക്കൂര്‍ 45 മിനിറ്റുകൊണ്ട് മാരത്തണ്‍ (42,195 കി.മി.) ഫിനീഷ് ചെയ്തു.

കഴിഞ്ഞ 14 വര്‍ഷമായി കുടുംബസമേതം കെന്റില്‍ താമസിക്കുന്ന സോജന്‍, കോട്ടയം കൈപ്പുഴ സ്വദേശിയാണ്. ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ യൂറോപ്പ് റീജണ്‍ പ്രസിഡന്റുകൂടിയാണു സോജന്‍.

മുമ്പ് ലണ്ടന്‍, എഡിന്‍ബറോ, ഡബ്ളിന്‍ എന്നീ പ്രശസ്തമായ മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. സ്പോര്‍ട്സ് മുഖേന ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ വരുംതലമുറയ്ക്ക് പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണ് സോജന്‍ മാരത്തണില്‍ പങ്കാളിയാവുന്നത്.

വിജയകരമായി മാരത്തണ്‍ പൂര്‍ത്തിയാക്കിയ സോജനെ ജര്‍മന്‍ മലയാളികള്‍ അനുമോദിച്ചു. കൊളോണില്‍ കൂടിയ അനുമോദന യോഗത്തില്‍ പോള്‍ ഗോപുരത്തിങ്കല്‍ മെമന്റോ നല്‍കി സോജനെ ആദരിച്ചു. തോമസ് ചക്യത്ത്, അപ്പച്ചന്‍ ചന്ദ്രത്തില്‍, ഗ്രിഗറി മേടയില്‍, മാത്യു തൈപ്പറമ്പില്‍, സിസിലിയാമ്മ, മറിയാമ്മ, ലില്ലി, ജെമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

41,000 ഓട്ടക്കാര്‍ പങ്കെടുത്ത മാരത്തണില്‍ സോണി ജോസഫ് എന്ന ജര്‍മന്‍ മലയാളിയും പങ്കെടുത്തിരുന്നു.

ബര്‍ലിന്‍ മേയര്‍ മിഷായേല്‍ മ്യൂള്ളര്‍ മാരത്തണ്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ബര്‍ലിന്‍ മാരത്തണില്‍ ലോക റിക്കാര്‍ഡ് ഭേദിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും എലിയൂഡ് കിപ്ചോഗെ ജേതാവായി. രണ്ടു മണിക്കൂര്‍ 04.01 മിനിറ്റിലാണ് കിപ്ചോഗെ ഫിനിഷ് ചെയ്തത്. വിജയിക്ക് 40,000 യൂറോ സമ്മാന തുകയും ബോണസായി 15,000 യൂറോയും ലഭിച്ചു.

കിപ്ചോഗെയുടെ രാജ്യമായ കെനിയയില്‍ നിന്നു തന്നെയുള്ള ഡെന്നിസ് കിമെറ്റോയുടെ പേരിലാണ് ഇപ്പോഴത്തെ ലോക റിക്കാര്‍ഡ്. രണ്ടു മണിക്കൂര്‍ 02.57 മിനിറ്റ്. 2014 ലെ ബര്‍ലിന്‍ മാരത്തണില്‍ തന്നെയാണ് ഇതു സ്ഥാപിക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍