ഫോക്സ്വാഗന്‍ വിവാദം ഇലക്ട്രിക് കാറുകള്‍ക്ക് സുവര്‍ണാവസരം
Tuesday, September 29, 2015 8:38 AM IST
ബര്‍ലിന്‍: ഫോക്സ്വാഗന്റെ ഡീസല്‍ കാറുകളില്‍ മലിനീകരണം കുറച്ചുകാണിക്കാന്‍ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചു എന്ന ആരോപണം കത്തിപടരുമ്പോള്‍ പ്രതീക്ഷയോടെ ഇലക്ട്രിക് കാര്‍ സെഗ്മെന്റ്.

ഫോക്സ്വാഗന്‍ വിവാദത്തില്‍ കുടുങ്ങിയതോടെ ഡീസല്‍ കാറുകളുടെ ആകെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡീസലിനെ ഒരുതരത്തിലും ശുദ്ധമായ ഇന്ധനമെന്നു കണക്കുകൂട്ടാന്‍ കഴിയില്ലെന്ന വാദത്തിന് ഇതോടെ കരുത്തു വര്‍ധിച്ചിരിക്കുകയാണ്.

മലിനീകരണം അളക്കുന്നതില്‍ കൃത്രിമം കാണിക്കുന്ന ഏക കമ്പനിയല്ല ഫോക്സ്വാഗന്‍ എന്നുകൂടി വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. 2017ഓടെ യൂറോപ്പില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുതല്‍ കര്‍ക്കശമായി നിയന്ത്രിക്കാനുള്ള നിയമങ്ങളും നിലവില്‍ വരും. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുമെന്നാണു പ്രതീക്ഷ.

ജര്‍മനിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇ-കാര്‍ കമ്പനി ടെസ്ളയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്ക് ജര്‍മനിയില്‍ നേരിട്ടെത്തി ഉപചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലുമായി ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ കമ്പനിയായ ടെസ്ളയാണ് ഇപ്പോള്‍ ഇ-കാര്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഇതിനൊപ്പം ജര്‍മനിയിലെ വമ്പന്‍ കാര്‍ കമ്പനികളും ഇ-കാര്‍ മോഡലുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍