ഹജ്ജ് വോളന്റിയര്‍മാരെ ഫ്രണ്ട്സ് ക്രിയേഷന്‍സ് ആദരിക്കുന്നു
Tuesday, September 29, 2015 6:51 AM IST
റിയാദ്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് പുണ്യനഗരങ്ങളില്‍ മഹത്തായ സേവനങ്ങള്‍ നല്‍കിയ മുഴുവന്‍ സംഘടനകളേയും വോളന്റിയര്‍മാരേയും ഫ്രണ്ട്സ് ക്രിയേഷന്‍സ് ആദരിക്കുന്നു. റിയാദിലെ ബിസിനസ് സമൂഹത്തിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) വൈകുന്നേരം 6.30നു ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെഎംസിസി, ഫ്രട്ടേണിറ്റി ഫോറം, ആര്‍എസ്സി, തനിമ, ഇസ്ലാഹി സെന്റര്‍ എന്നീ സംഘടനകളുടെ വോളന്റിയര്‍മാരെയാണു ഫ്രണ്ട്സ് ക്രിയേഷന്‍സ് ആദരിക്കുന്നത്.

മിനായില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കു മാതൃകാപരമായ സേവനങ്ങള്‍ നല്‍കിയ മലയാളി സന്നദ്ധസംഘടനകളെ വിദേശ മാധ്യമങ്ങളും സൌദി അധികൃതരും കോണ്‍സുലേറ്റും പ്രശംസിച്ചിരുന്നു. ഹജ്ജിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും സംഘടനാപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കുമെന്നും ഓരോ സംഘടനകളെയും ആദരിക്കുന്നതിനോടൊപ്പം വോളന്റിയര്‍ സേവനങ്ങള്‍ ചെയ്ത എല്ലാ വ്യക്തികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കുമെന്നും ഫ്രണ്ട്സ് ക്രിയേഷന്‍സ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന്റെ വാര്‍ത്തകള്‍ കൃത്യമായും സത്യസന്ധമായും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിച്ച അച്ചടിമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെയും ചടങ്ങില്‍ ആദരിക്കും. റിയാദിലെ വിവിധ സംഘടനകള്‍ക്കു ഹജ്ജ് വോളന്റിയര്‍മാരെ ആദരിക്കാനുള്ള അവസരവും ഉണ്ടാവും.

വിവരങ്ങള്‍ക്ക്: 0509460972, 0561004373.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍