ജനലക്ഷങ്ങള്‍ പോപ്പിനെ കണ്ടു തൃപ്തരായി
Tuesday, September 29, 2015 5:05 AM IST
ഫിലാഡല്‍ഫിയ: ബെന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്ക്വേയില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്റ്റംബര്‍ 27-നു (ഞായറാഴ്ച) വൈകുന്നേരം നാലിനു അര്‍പ്പിച്ച ദിവ്യബലിയോടെ ആറു ദിവസങ്ങളിലായി സഹോദരസ്നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയയില്‍ നടന്നുവന്ന വേള്‍ഡ് ഫാമിലി മീറ്റിംഗിനും, ഫെസ്റിവല്‍ ഓഫ് ഫാമിലീസിനും തിരശീല വീണു. ഏകദേശം രണ്ടുമില്യനോളം ആള്‍ക്കാര്‍ പാര്‍ക്ക്വേയിലെത്തി നേരിട്ടും അതിനേക്കാള്‍ പതിന്മടങ്ങ് ലോകത്തിന്റെ വിവിധ കോണുകളില്‍ ടിവിയുടെ മുന്‍പില്‍ ഇരുന്നും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് നിര്‍വൃതിയടഞ്ഞു.

വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിനു 15 മിനിറ്റുമുന്‍പുതന്നെ ജനക്കൂട്ടം നിശബ്ദരായി പ്രാര്‍ത്ഥനാ നിരതരായി ബലിയര്‍പ്പണത്തിനായി തയാറെടുത്തു. വൈകുന്നേരം നാലിനു ആരംഭിച്ച ദിവബലിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ കര്‍ദിനാള്‍മാരും, ബിഷപ്പുമാരും, നിരവധി വൈദികരും തിരുവസ്ത്രമണിഞ്ഞു പങ്കുചേര്‍ന്നു. ഇംഗ്ളീഷിലും, സ്പാനിഷിലും, ലാറ്റിനിലും പ്രാര്‍ഥനകള്‍ മാറി മാറി മാര്‍പാപ്പ ഉരുവിട്ടു. കുര്‍ബാനമധ്യേയുള്ള വായനകള്‍ സ്പാനീഷിലും, വിയറ്റ്നാമീസ് ഭാഷയിലും, സുവിശേഷ വായന ഇംഗ്ളീഷിലും ആയിരുന്നു. പരിശുദ്ധ പിതാവ് സ്പാനീഷില്‍ നല്‍കിയ സന്ദേശം ഇംഗ്ളീഷ് സബ് റ്റൈറ്റിലുകളോടെ ബിഗ് സ്ക്രീന്‍ ടി.വി കളില്‍ തത്സമയം നല്‍കിയിരുന്നതുകൊണ്ടു ഭാഷ ആര്‍ക്കും ഒരു പ്രശ്നമായി അനുഭവപ്പെട്ടില്ല.

ദിവ്യബലിമധ്യേ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനായി വിപുലമായ സജീകരണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ജനക്കൂട്ടത്തിനുമുഴുവന്‍ അവര്‍ നില്ക്കുന്നതിനടുത്തുതന്നെ കുര്‍ബാന സ്വീകരിക്കാന്‍ സാധിച്ചു. ഇതിനായി നിരവധി വൈദികരുടെ സേവനം പ്രയോജനപ്പെടുത്തി. കാഴ്ച്ചവയ്പ്പിന്റെ സമയത്ത് ഗായകസംഘം വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് ഫിലാഡല്‍ഫിയ കോണ്‍ഫറന്‍സിന്റെ തീം സോംഗായ ഭസൌെണ്ട് ദി ബെല്‍ ഓഫ് ഹോളി ഫ്രീഡം' എന്ന ഗാനം ആലപിച്ചു.

ദിവബലിക്കുമുന്‍പ് 3.25നു തുടങ്ങിയ പരേഡിലുടനീളം പരിശുദ്ധപിതാവ് പാര്‍ക്ക് വേക്കുള്ളില്‍ പാപ്പാമൊബീലില്‍ ചുറ്റിക്കറങ്ങി എല്ലായിടത്തും തടിച്ചുകൂടിയിരുന്ന ജനങ്ങളെ ആശീര്‍വദിച്ച് കടന്നുപോയി. പാര്‍ക്ക് വേയിലെ ഏതു റോഡില്‍നിന്നാലും പരിശുദ്ധപിതാവിനെ ജനങ്ങള്‍ ക്കു കാണത്തക്ക വിധത്തിലായിരുന്നു പരേഡ് ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് അവിടെ എത്തിയ ആര്‍ ക്കുംതന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയെ തൊട്ടടുത്ത് കാണാന്‍ പറ്റാതെ നിരാശരായി മടങ്ങേണ്ടി വന്നില്ല.

ഞായറാഴ്ച്ച അതിരാവിലെ മുതല്‍തന്നെ ജനക്കൂട്ടം പാര്‍ക്ക്വേയിലേക്കൊഴുകുകയായിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്ന് ആള്‍ക്കാര്‍ ചാര്‍ട്ടര്‍ ബസുകളിലായിട്ടാണെത്തിയത്. നഗരത്തിലെ എല്ലാ റോഡുകളും അടച്ചിരുന്നതിനാല്‍ ജനങ്ങള്‍ക്കു നിര്‍ബാധം എല്ലാവഴികളിലൂടെയും ഒഴുകിയെത്താന്‍ സാധിച്ചു. പാര്‍ക്ക്വേക്കുള്ളില്‍ എത്തണണമെങ്കില്‍ ലൈനുകളില്‍നിന്നു സെക്യൂരിറ്റി ചെക്ക് പോയിന്റിലൂടെ കടക്കണമായിരുന്നു. പലയിടത്തായി എട്ടു സെക്യൂരിറ്റി ചെക്ക് പോയിന്റുകള്‍ ക്രമീകരിച്ചിരുന്നെങ്കിലും ആള്‍ക്കാരുടെ ബാഹുല്യം മൂലം ചെക്ക് പോയിന്റ് കടന്നുകൂടാന്‍ ആള്‍ക്കാര്‍ക്കു വളരെയധികം സമയം കാത്തുനില്‍ക്കേണ്ടി വന്നു. നീണ്ട ലൈനുകള്‍ എല്ലായിടത്തും കാണാമായിരുന്നു. ഈ ലേഖകന്‍തന്നെ നാലു മണിക്കൂറോളം ലൈനില്‍നിന്നാണ് അകത്തെത്തിയത്. വളരെയധികം ആള്‍ക്കാര്‍ക്ക് സെക്യൂരിറ്റി ലൈനില്‍നിന്ന് അകത്തുകടക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നു.?

പാര്‍ക്ക്വേയും അതിനു ചുറ്റിനുമുള്ള എല്ലായിടവും ഉല്‍സവലഹരിയിലായിരുന്നു ശനിയും ഞായറും ദിവസങ്ങളില്‍. എല്ലായിടത്തും തിങ്ങിനിറഞ്ഞ വഴികള്‍, എവിടെയും മരിയസ്തുതിഗീതങ്ങളും, ഫ്രാന്‍സിസ് ജയ് വിളികളുമായി ആര്‍ത്തുല്ലസിക്കുന്ന ജനക്കൂട്ടങ്ങള്‍. എല്ലായിടത്തും ആഹ്ളാദമുഹൂര്‍ത്തങ്ങള്‍. എല്ലാവര്‍ക്കും ഒന്നു മാത്രമേ പറയാനുള്ളൂ. ലാളിത്യത്തിന്റെ പര്യായമായ ഫ്രാന്‍സിസ് പാപ്പായെ ഒരു നോക്കു കാണണം. പാര്‍ക്ക്വേക്കുള്ളിലെ ഫെസ്റിവല്‍ ഗ്രൌണ്ടില്‍ കടക്കാനായി മൈലുകള്‍ നീളുന്ന ക്യൂവില്‍ സെക}രിറ്റി ചെക്ക് പോയിന്റുകളില്‍ ക്ഷമയോടെ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും മടുപ്പുവരാത്ത ഇടയജനം. റോമിന്റെ വലിയ മുക്കുവനെ ഒരു നോക്കു കണ്ടു സംതൃപ്തിയടയാന്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്നവര്‍.

ഫ്രാന്‍സിസ് പാപ്പാക്കു സ്വാഗതമോതിക്കൊണ്ടുള്ള വലിയ കമാനങ്ങളും, വെല്‍ക്കം ബാനറുകളും എങ്ങുനോക്കിയാലും കാണാമായിരുന്നു.ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നതിനും, ദിവബലിയില്‍ പങ്കെടുക്കുന്നതിനും ഫിലാഡല്‍ഫിയ അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍നിന്നും, ട്രൈസ്റ്റേറ്റ് ഏരിയായില്‍ ഭാരതീയ പാരമ്പര്യത്തിലുള്ള എല്ലാ ക്രെെസ്തവദേവാലയങ്ങളില്‍നിന്നും വിശ്വാസികള്‍ ഒറ്റയായും കൂട്ടമായും ഞായറാഴ്ച പാര്‍ക്ക്വേയിലെത്തിയിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സീറോ മലബാര്‍ കത്തോലിക്കരുടെ സാന്നിധ്യം വളരെ പ്രകടമായിരുന്നു. ഇംഗ്ളണ്ട്, അയര്‍ലന്റ്, ജര്‍മനി, കാനഡ, മിഡില്‍ ഈസ്റ്, ഓസ്ട്രേലിയ തുടങ്ങിയ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള സീറോ മലബാര്‍, സീറോ മലങ്കര, ഇന്ത്യന്‍ ലത്തീന്‍ കത്തോലിക്കരായ പ്രവാസികള്‍?പ്രായഭേദമെന്യേ അവരവരുടെ ആത്മീയാചാര്യ ന്മാരുടെ നേതൃത്വത്തില്‍ എത്തിയിരുന്നു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരിയും രൂപതയെ പ്രതിനിധീകരിച്ച് വേള്‍ഡ് മീറ്റിംഗിലും ഫാമിലി ഫെസ്റിവലിലും, പേപ്പല്‍ മാസിലും പങ്കെടുത്തു. കാനഡയിലെ പുതിയ ബിഷപ്പായി സ്ഥാനമേറ്റ റവ. ഡോ. ജോസ് കല്ലുവേലിയും തന്റെ കീഴിലുള്ള അജഗണത്തിനൊപ്പം കുര്‍ബാനയില്‍ പങ്കുചേര്‍ന്നു.

ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ പള്ളിയില്‍നിന്ന് ഇടവകവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ അറുനൂറിലധികം ഇടവകജനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം മുദ്രണം ചെയ്തു ഓറഞ്ചുനിറത്തിലുള്ള ടി ഷര്‍ട്ടും ധരിച്ച് ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

റവ. ഡോ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ സെന്റ് ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷനിലെ മുഴുവന്‍ അംഗങ്ങളും, റവ. ഡോ. സജി മുക്കൂട്ടിന്റെ നേതൃത്വത്തില്‍ സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ഇടവക ജനങ്ങളും, ഫാ. ഷാജി സില്‍വയോടൊപ്പം ഇന്‍ഡ്യന്‍ ലത്തീന്‍ കത്തോലിക്കരും ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മാര്‍പാപ്പായുടെ എല്ലാ പരിപാടികളിലും പങ്കെടുത്തു. കൂടാതെ ട്രൈസ്റ്റേറ്റ് ഏരിയായിലെ പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ്, സോമര്‍സെറ്റ് സെ. തോമസ്, ഡെലവെയര്‍, സൌെത്ത് ജേഴ്സി മിഷനുകള്‍, ബാള്‍ട്ടിമോര്‍, വാഷിങ്ങ്ടണ്‍, വെര്‍ജീനിയ, ഹാരീസ്ബര്‍ഗ് തുടങ്ങിയ സീറോമലബാര്‍ കത്തോലിക്കാ ഇടവകകളില്‍നിന്നു ധാരാളം വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്ന് 250ല്‍ അധികം ജീസസ് യൂത്ത് വോളന്റിയര്‍മാര്‍ നാലുദിവസത്തെ വേള്‍ഡ് ഫാമിലി മീറ്റിംഗിലും ഫെസ്റിവല്‍ ഓഫ് ഫാമിലീസിലും ഞായറാഴ്ച്ചത്തെ ദിവ്യബലിയിലും പങ്കെടുത്തു. ശനിയാഴ്ച നടന്ന ഫെസ്റിവല്‍ ഓഫ് ഫാമിലീസില്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ ഇടവകാംഗമായ നൃത്താധ്യാപകന്‍ ബേബി തടവനാലിന്റെ കോറിയോഗ്രഫിയില്‍ ഫിലാഡല്‍ഫിയായിലെ വിവിധ ഇന്ത്യന്‍ ക്രൈസ്തവദേവാലയങ്ങളില്‍നിന്നു കൊച്ചുകുട്ടികള്‍ മുതല്‍ ഉദ്യോഗസ്ഥരായ വീട്ടമ്മമാര്‍വരെ 80 ല്‍ പരം പ്രതിഭകളെ കോര്‍ത്തിണക്കി ലോഗന്‍ സ്ക്വയര്‍ സ്റ്റേജില്‍ അവതരിപ്പിച്ച ഡാന്‍സ്ഷോ വളരെ മനോഹരമായിരുന്നു. പാര്‍ക്ക്വേയിലെ ലക്ഷക്കണക്കിനു പ്രേക്ഷകര്‍ക്കൊപ്പം ലോകം മുഴുവന്‍ തല്‍സമയം ഈ പരിപാടി വിക്ഷിച്ചു. ആഗോളകത്തോലിക്കാസഭാതലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്ത ഒരു വേദിയില്‍ തങ്ങളുടെ കലവാസന പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഈ കലാപ്രതിഭകളും, അവരുടെ മാതാപിതാക്കളും വളരെ സന്തുഷ്ടരാണ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍