ന്യൂജേഴ്സി ജയിലില്‍ കാരുണ്യത്തിനുവേണ്ടി  കേഴുന്ന മലയാളി യുവാവ്
Tuesday, September 29, 2015 5:03 AM IST
ന്യൂയോര്‍ക്ക്: ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ടു ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുന്ന മലയാളി യുവാവ് കാരുണ്യത്തിനായി കേഴുന്നു. ചെറുപ്പക്കാരന്‍ ന്യൂജേഴ്സിയിലെ പാസ്സായിക് കൌണ്ടി ജയിലില്‍ എത്തിയിട്ട് ഇതിനോടകം ഒരു വര്‍ഷം കഴിഞ്ഞു. 2014 സെപ്റ്റംബര്‍ 22-നാണു ന്യൂജേഴ്സിയിലെ ഹാത്തോണ്‍ പോലീസ്, മാനഹാനി ഭയന്നു പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഈ മലയാളി യുവാവിനെ ജയിലില്‍ അടച്ചത്.

അമേരിക്കയില്‍ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇല്ലാത്ത ഈ മലയാളി യുവാവിനു സഹായഹസ്തവുമായി ആദ്യം രംഗത്തുവന്നത് ജസ്റീസ് ഫോര്‍ ഓള്‍ (ജെഎഫ്എ) എന്ന സംഘടനയായിരുന്നു. താരതമ്യേന മെമ്പര്‍മാര്‍ തീരെയില്ലാത്ത ഈ സംഘടനയോടൊപ്പം പിന്നീടു ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൌണ്‍സില്‍, കീന്‍, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, ശാന്തിഗ്രം തുടങ്ങി നിരവധി സംഘടനാ നേതാക്കള്‍ 2015 മാര്‍ച്ച് ആറാം തീയതി കോടതിയില്‍ ഹാജരായി എന്നുള്ളതു മലയാളികളുടെ കൂട്ടായ്മയെ കാണിക്കുന്നു.

ജയിലില്‍വച്ച് മറ്റൊരു ജയില്‍പ്പുള്ളി ഈ ചെറുപ്പക്കാരനെ ആക്രമിച്ചു. അതിന്റെ ഫലമായി കണ്ണിനു താഴെ പത്തു തുന്നല്‍ വേണ്ടിവന്ന ഒരു മുറിവുണ്ടായി. ഇത്രയും വലിയ സംഭവം നടന്നിട്ടും ഈ ചെറുപ്പക്കാരനെ കൊണ്ടുവന്ന അമേരിക്കയിലെ വമ്പന്‍ കമ്പനിയായ ടിസിഎസ് കമ്പനിക്കാരോ, അതിന്റെ തലപ്പത്തിരിക്കുന്നവരോ കണ്ടതായിപ്പോലും നടിച്ചില്ല.

ജെഎഫ്എയുടെ ചെയര്‍മാനായ തോമസ് കൂവള്ളൂര്‍ മലയാളി ചെറുപ്പക്കാരനുവേണ്ടി നിയോഗിക്കപ്പെട്ട അറ്റോര്‍ണിയുമായി ബന്ധപ്പെട്ട് വിവരം ഡിസ്ട്രിക്ട് അറ്റോര്‍ണിക്കും ജഡ്ജിക്കും രേഖാമൂലം എഴുതി എത്രയും വേഗം കേസ് തീര്‍ക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് ഓഗസ്റ് 17-നു ന്യൂയോര്‍ക്കില്‍നിന്ന് ജോയി പുളിയനാല്‍, മോളി ജോണ്‍, അന്നമ്മ ജോയി, തോമസ് കൂവള്ളൂര്‍ എന്നിവരും, ന്യൂജേഴ്സിയില്‍നിന്ന് അനില്‍ പുത്തന്‍ചിറയും അദ്ദേഹത്തിന്റെ മാതാവും മറ്റൊരു ബന്ധുവും, സ്റാറ്റന്‍ ഐലന്റില്‍ നിന്നും വര്‍ഗീസ് മാത്യുവും, ജേര്‍ണലിസ്റ് ജോസ് പിന്റോയും കോടതിയില്‍ എത്തിയിരുന്നു.

കോടതിയില്‍ ഹാജരാകേണ്ട അടുത്ത അവധി ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 1.30-നാണ്. അന്നേദിവസം മലയാളികളെകൊണ്ട് കോടതി നിറയ്ക്കാന്‍ കഴിഞ്ഞാല്‍ അത് കരുണയ്ക്കുവേണ്ടി ദാഹിക്കുന്ന മലയാളി യുവാവിന്റെ മോചനത്തിന് ഇടയായിത്തീരാന്‍ സാധ്യതയുണ്ട്.

കേസ് നടക്കുന്ന കോടതിയുടെ അഡ്രസ്: പാസായിക് കൌണ്ടി കോര്‍ട്ട് ഹൌസ്, 77 ഹാമില്‍ട്ടന്‍ സ്ട്രീറ്റ്, നാലാം നില. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അനില്‍ പുത്തന്‍ചിറ 732 319 6001, തോമസ് കൂവള്ളൂര്‍ 914 409 5772. തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍, ജെഎഫ്എ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം