ജര്‍മന്‍ പ്രതിരോധമന്ത്രി പ്രബന്ധ മോഷണ വിവാദത്തില്‍
Monday, September 28, 2015 8:13 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ നിന്ന് ഒരു മന്ത്രി കൂടി പിഎച്ച്ഡി തീസിസ് മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ടു. പ്രതിരോധ മന്ത്രി ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയനാണ് പുതിയ വിവാദ നായിക.

ഉര്‍സുലയുടെ പ്രബന്ധത്തിന്റെ നാല്‍പ്പതു ശതമാനവും മറ്റു പലയിടങ്ങളില്‍നിന്നു മോഷ്ടിച്ചതാണെന്നാണ് ഡെര്‍ സ്പീഗല്‍ വാരിക റിപ്പോര്‍ട്ട് ചെയ്തു. ഹാനോവര്‍ മെഡിക്കല്‍ സ്കൂളില്‍നിന്ന് 1990കളിലാണ് ഉര്‍സുല പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്.

ഇങ്ങനെയൊരു ആരോപണത്തെക്കുറിച്ച് ഓഗസ്റു മുതല്‍ പ്രതിരോധ മന്ത്രാലയത്തിന് അറിവുണ്ടായിരുന്നുവെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

എന്നാല്‍, ആരോപണങ്ങളെ ഉര്‍സുല ശക്തമായി നിഷേധിച്ചു. പ്രബന്ധം വീണ്ടും മൂല്യനിര്‍ണയത്തിനു നല്‍കാന്‍ തയാറാണെന്നു അവര്‍ വ്യക്തമാക്കി. ജര്‍മനിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പ്രബന്ധ മോഷണ വിവാദത്തില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ കാബിനറ്റ് മന്ത്രിയാണ് ഉര്‍സുല. മറ്റു രണ്ടു പേരും നേരത്തെ രാജിവച്ചിരുന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായിട്ടാണ് ഉര്‍സുല അറിയപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍