സ്വിറ്റ്സര്‍ലന്‍ഡില്‍ ഫോക്സ് വാഗന്‍ വില്‍പ്പന നിരോധിച്ചു
Monday, September 28, 2015 8:12 AM IST
ബര്‍ലിന്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ ഫോക്സ് വാഗന്‍ കാറിന്റെ ഒരു മോഡലും ഇനിയൊരുത്തരവുണ്ടാകുന്നതു വരെ വില്‍ക്കാന്‍ പാടില്ലെന്ന് അധികൃതരുടെ നിര്‍ദേശം. ഫോക്സ് വാഗന്റെ ഡീസല്‍ എന്‍ജിന്‍ കാറുകളില്‍ മലിനീകരണം തിരിച്ചറിയാതിരിക്കാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരിക്കുന്നു എന്നു വ്യക്തമായ സാഹചര്യത്തിലാണിത്.

2009 മുതല്‍ 014 വരെ വിറ്റഴിച്ച ഔഡി, സിയാറ്റ്, സ്കോഡ, ഫോക്സ് വാഗന്‍ മോഡലുകളില്‍ 1,80,000 എണ്ണത്തില്‍ ഈ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്.

എന്നാല്‍, യൂര്‍ 06 എമിഷന്‍ സ്റാന്‍ഡേര്‍ഡ് എന്‍ജിനുകള്‍ക്കു മാത്രമാണ് പ്രശ്നമെന്നും യൂര്‍ 05 എന്‍ജിനുകള്‍ക്ക് പ്രശ്നമില്ലെന്നും ഫോക്സ് വാഗന്‍ പുതിയ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഫോക്സ് വാഗന്‍ നടത്തിയ തട്ടിപ്പിന്റെ വെളിച്ചത്തില്‍ എമിഷന്‍ ടെസ്റിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ലബോറട്ടറിയില്‍ റെക്കോഡു ചെയ്യുന്ന മലിനീകരണവും യഥാര്‍ഥ ഡ്രൈവിംഗില്‍ ഉണ്ടാകുന്ന മലിനീകരണവും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, മലിനീകരണം കുറച്ചുകാണിക്കുന്ന സോഫ്റ്റ്വെയര്‍ നിയമവിരുദ്ധമാണെന്ന് ഒരു വിതരണക്കാരനും ചില ജീവനക്കാരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കമ്പനിയിലെ ഉന്നതര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

പുകയുതിര്‍ക്കുന്നതില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഒരു യൂറോപ്യന്‍ രാജ്യത്ത് ഫോക്സ്വാഗന്‍ കമ്പനി കാറുകളുടെ വില്‍പ്പന ഇതാദ്യമായാണ് നിരോധിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍