സിഎസ്ഐ ഗള്‍ഫ് മേഖല യുവജന സമ്മേളനം സംഘടിപ്പിച്ചു
Monday, September 28, 2015 7:11 AM IST
ഷാര്‍ജ: ദക്ഷിണേന്ത്യ സഭയുടെ ജിസിസി രാജ്യങ്ങളിലെ എല്ലാ സിഎസ്ഐ ഇടവകകളുടേയും യുവജനസഖ്യങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വാര്‍ഷിക സമ്മേളനം ഷാര്‍ജ ദേവാലയത്തില്‍ നടന്നു.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം യുവജങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സിഎസ്ഐ കുവൈത്ത് സിറ്റി ഇടവക വികാരി റവ. സാംജി കെ. സാം വിഷയാവതരണം നടത്തി. റവ. പോള്‍ പി. മാത്യു ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ റവ. മാത്യു ജിലോ നൈനാന്‍ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ, യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളിലെ വികാരിമാര്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട് നയിച്ച ധ്യാനയോഗത്തില്‍ സലാല ഇടവകവികാരി റവ. അജി ശാമുവല്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ സമര്‍പ്പണക്കാഴ്ച മുഴുവനും പശ്ചിമകേരള മഹായിടവകയുടെ സാധുജന പരിപാലന പദ്ധതികള്‍ക്കായ് നല്‍കി. ആതിഥേയ സഭയുടെ വികാരി റവ. ദാസ് ജോര്‍ജ് ബിസിനസ് സമ്മേളനത്തിനു അധ്യക്ഷത വഹിച്ചു. വര്‍ധിച്ചു വരുന്ന ഭീകര പ്രവര്‍ത്തനത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തികൊണ്ട് പ്രമേയം അവതരിപ്പിച്ചു. 500 യുവതീയുവാക്കള്‍ അണിനിരന്നുകൊണ്ട് യെമനില്‍ മരിച്ച യുഎഇ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍