കുവൈത്തില്‍ പുതിയ സംഘടന നിലവില്‍ വന്നു
Monday, September 28, 2015 7:01 AM IST
കുവൈത്ത്: കുവൈത്തിലെ പ്രവാസികള്‍ക്കിടയില്‍ 'ഭാരതിയ പ്രവാസി പരിഷത്' എന്ന പുതിയൊരു സാമൂഹ്യ സംസ്കാരിക സംഘടനക്ക് രൂപം നല്‍കി. സെപ്റ്റംബര്‍ 25 നു (വെള്ളി) വൈകുന്നേരം സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി കുവൈത്തില്‍ എത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

'ഏക ഭാരതം ശ്രേഷ്ഠ ഭാരതം'എന്ന ആശയം മുന്നോട്ടുവച്ച് രൂപീകരിച്ച ഭാരതിയ പ്രവാസി പരിഷത് എന്ന കുവൈത്തിലെ പുതിയ സാമൂഹ്യ സാസ്കാരിക സംഘടന എല്ലാ ഭാരതീയരേയും ദേശ സ്നേഹ മെന്ന വികാരത്തിന്റെ കുടക്കീഴില്‍ അണിചേര്‍ക്കാനും ഭാരതത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി എല്ലാ ഭിന്നതകളും മാറ്റി വച്ച് എല്ലാ പ്രവാസികള്‍ക്കും ഒരുമിക്കാനുള്ള വേദിയായി മാറണമെന്ന് എം.ടി. രമേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റായി കെ.എ. കര്‍ത്താ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ഹരി ബാലരാമപുരം സ്വാഗതം പറഞ്ഞു. പി.വി. വിജയ രാഘവന്‍ ഭാരതിയ പ്രവാസി പരിഷതിന്റെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവാസ്തവ, രാജശേഖരന്‍, ടി.ജി. വേണുഗോപാല്‍, അജയ് കുമാര്‍, മോഹനന്‍ കൊല്ലങ്കോട്, രാജ് ഭണ്ഡാരി, ജിനേഷ് മൂവാറ്റുപുഴ, സുലേഖ അജയ കുമാര്‍, സിതാര ജയകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൃഷ്ണ കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാ, സാംസ്കാരിക പരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍