റിയാദില്‍ നിന്നും ഹജ്ജിന് പോയ മുജീബ്റഹ്മാനെ കണ്െടത്താനായില്ല
Monday, September 28, 2015 2:50 AM IST
റിയാദ്: ദാറുല്‍ ഹുദ ഹജ്ജ് സര്‍വ്വീസ് ഗ്രൂപ്പില്‍ ഹജ്ജിനു പോയ പൊന്‍പാറത്തൊടി സയ്യിദ് മുഹമ്മദ് മുജീബ് റഹ്മാനെ (33) ക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹത്തെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുകയോ കണ്െടത്തുകയോ ചെയ്യുന്നവര്‍ അറിയിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. തൃശൂര്‍ വടക്കാഞ്ചേരി പുല്ലാനിക്കോട് സ്വദേശിയായ മുജീബ് മിനായില്‍ അപകടം നടന്ന സ്ഥലത്താണുണ്ടായിരുന്നതെന്നും അപകടത്തിന് അല്‍പ്പം മുന്‍പ് വരെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അറിയുന്നു. റിയാദിലെ അല്‍ സൈഫ് എഞ്ചിനീയറിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലാണ് മുജീബ് മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നത്.

ദാറില്‍ ഹുദ ഹജ്ജ് ഗ്രൂപ്പില്‍ നിന്നും പോയ പത്തോളം പേരെ ഇനിയും കണ്െടത്താന്‍ സാധിച്ചിട്ടില്ലെന്നും ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രികളില്‍ മറ്റും തിരച്ചില്‍ നടത്തി വരികയാണെന്നും ദാറുല്‍ ഹുദയുടെ മാനേജര്‍ സൈതലവി പറഞ്ഞു. ഇതേ ഗ്രൂപ്പില്‍ ഹജ്ജിന് പോയ ദമ്പതികളായ കൊല്ലം കടക്കല്‍ സ്വദേശിയും റിയാദിലെ ഹെര്‍ഫി കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ മുഹമ്മദ് ശാഫിയും ഭാര്യ ആമിനാ ശാഫിയും അന്നു മുതല്‍ കാണാതായിരുന്നു. ഇതില്‍ ആമിനാ ശാഫിയുടെ മൃതദേഹം ഇന്നലെ മിനായിലെ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് ശാഫിയെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍