ഡാളസില്‍ സ്റജ് ഷോ 'ഋതുബഹാര്‍' ഒക്ടോബര്‍ 11ന്
Saturday, September 26, 2015 8:44 AM IST
ഡാളസ്: സിനിമാ നൃത്ത സംഗീത രംഗത്തെ അതുല്യപ്രതിഭകളെ അണി നിരത്തികൊണ്ടുളള അത്യന്തം പുതുമയാര്‍ന്ന നൃത്ത സംഗീത സ്റേജ് ഷോ ഒക്ടോബര്‍ 11 നു (ഞായര്‍) ഡാളസില്‍ അരങ്ങേറും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് 2012 ല്‍ ഡാളസില്‍ പ്രവര്‍ത്തനമാരംഭിച്ച ഡാളസ് എയ്സ് ലയണ്‍സ് ക്ളബാണ് സ്റേജ് ഷോയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ക്ളബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി വിജയകരമായി സൌത്ത് ഏഷ്യന്‍ വിഭാഗത്തില്‍പ്പെട്ടവരെ, പ്രധാനമായും ബോണ്‍ മാരോ രജിസ്ററില്‍ അംഗങ്ങളാക്കിയ സംഘടനയുടെ രണ്ടാമത്തെ സംരംഭമാണിത്. 'ഹൃദയ സ്പര്‍ശം 2015' എന്ന പരിപാടിയിലൂടെ സാമ്പത്തിക ക്ളേശം അനുഭവിക്കുന്ന മലയാളികള്‍ക്കു സൌജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുകയാണു ലക്ഷ്യം.

പ്രശസ്ത സംവിധായകനും ഡോക്യുമെന്റേറിയനുമായ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഷോയില്‍ സിനിമാതാരം ജഗദീഷിനോടൊപ്പം പതിനാറില്‍ പരം കലാകാരന്മാര്‍ അണിനിരക്കും. സ്ത്രീ പ്രകൃതിതന്നെയാണെന്ന കാഴ്ചപാടില്‍, പ്രകൃതിയുടെ പരിവര്‍ത്തനങ്ങളായ ഋതുക്കളിലൂടെ പ്രണയം, വിരഹം, കോപം, കാത്തിരിപ്പ് എന്നിവ അതിമനോഹരമായി വേദിയില്‍ അവതരിപ്പിക്കപ്പെടും. പ്രകൃതിയോടുത്തുളള ഈ യാത്രയില്‍ ഉപകരണ സംഗീത ഫ്യൂഷന്‍, തമിഴ്, ഹിന്ദി, മലയാള സിനിമാ ഈണങ്ങള്‍, ഫോക്ക് കഥക്മോഹിനിയാട്ടം ഫ്യൂഷന്‍ എന്നിവ അതിനൂതനമായി സമന്വയിപ്പിച്ചിരിക്കുന്നു.

ഷോയുടെ സംഗീതം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായനുളള അവാര്‍ഡ് ജേതാവുമായ പണ്ഡിറ്റ് രമേശ് നാരായണനാണു നിര്‍വഹിക്കുന്നത്. താളവിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, കരുണാമൂര്‍ത്തി തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. സമുദ്ര ആര്‍ട്സാണ് കോറിയോ ഗ്രാഫി നിര്‍വഹിക്കുന്നത്. നൃത്ത വേദിയില്‍ രചന നാരായണന്‍കുട്ടി, ആതിര ശങ്കര്‍, പി. അഞ്ജന എന്നിവരും ഒത്തുചേരുന്നു.

വിവരങ്ങള്‍ക്ക്: ജോജോ കോട്ടയ്ക്കല്‍: 972 904 1857, പോള്‍ സെബാസ്റ്യന്‍ 214 207 9341.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍