ഫോക്സ്വാഗന്‍ തട്ടിപ്പ് യൂറോപ്പിലും, ബിഎംഡബ്ള്യുവിനെതിരേയും ആരോപണം
Friday, September 25, 2015 8:13 AM IST
ബര്‍ലിന്‍: മലിനീകരണം അളക്കുന്നതില്‍ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയര്‍ യൂറോപ്യന്‍ വിപണിയിലിറക്കിയ കാറുകളിലും ഘടിപ്പിച്ചിട്ടുള്ളതായി ഫോക്സ് വാഗന്റെ കുറ്റസമ്മതം. ഇതെത്തുടര്‍ന്ന് ഫോക്സ് വാഗന്റെ കീഴിലുള്ള ഔഡിയുടെയും പോര്‍ഷെയുടെയും മേധാവികള്‍ അതതു സ്ഥാനങ്ങള്‍ ഒഴിയുമെന്നും പ്രഖ്യാപനം.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലാണ് കമ്പനി മേധാവികള്‍ കുറ്റസമ്മതം നടത്തിയതെന്ന് ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്റ് പറഞ്ഞു. എത്ര കാറുകള്‍ യൂറോപ്പില്‍ ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും മന്ത്രി. എന്നാല്‍ ജര്‍മനിയില്‍ മാത്രമായി ഇത്തരത്തിലുള്ള 28 ലക്ഷം ഫോക്സ്വാഗന്‍ കാറുകള്‍ വിറ്റഴിച്ചതായി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചു.

1.6, 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുള്ള വാഹനങ്ങളിലാണു പ്രധാനമായും കൃത്രിമം നടത്തിയിരിക്കുന്നത്. ഇതിന്റെ പട്ടിക തയാറാക്കുന്നതായി കമ്പനിയും അറിയിച്ചു. എന്നാല്‍, ഇത് എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വിശദീകരണം.

എന്നാല്‍, ഇത്തരം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയോടു നിര്‍ദേശിക്കുമോ എന്നു വ്യക്തമാക്കാന്‍ മന്ത്രി തയാറായില്ല. മറ്റു കമ്പനികളുടെ കാറുകളിലും ഇത്തരം കൃത്രിമം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎംഡബ്ള്യു കാറുകളിലും കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.

യൂറോപ്യന്‍ നിലവാരത്തിന്റെ പതിനൊന്ന് മടങ്ങ് അധികമാണ് ബിഎംഡബ്ള്യു കാറുകളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ബിഎംഡബ്ള്യു അധികൃതര്‍ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. എല്ലാ നിയമങ്ങളും പാലിച്ചാണു കമ്പനി കാര്‍ പുറത്തിറക്കുന്നതെന്നു പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.

ഇതിനിടെ, ഫോക്സ് വാഗന്റെ ഷെയറുകള്‍ വാങ്ങുന്നതില്‍നിന്നു സ്വിറ്റ്സര്‍ലന്‍ഡിലെ നോര്‍ഡിക് ബാങ്ക് തങ്ങളുടെ ട്രേഡര്‍മാരെ തടഞ്ഞിരിക്കുകയാണ്. ജര്‍മന്‍ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും പ്രധാന സ്ഥാനം വഹിക്കുന്ന കാര്‍ വ്യവസായത്തിനു ശക്തമായ തിരിച്ചടിയാണു ഫോക്സ് വാഗന്റെ തട്ടിപ്പിലൂടെ ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ആകെ തൊഴിലവസരങ്ങളില്‍ ഏഴിലൊന്നും കാര്‍ മേഖലയിലാണ് എന്നതും ശ്രദ്ധേയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍