അഭയാര്‍ഥികള്‍ വന്നതോടെ ജര്‍മനിയില്‍ ജനസംഖ്യാ ചുരുക്കം നിലയ്ക്കുന്നു
Friday, September 25, 2015 8:11 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ജനസംഖ്യാ ചുരുക്കത്തിന്റെ പ്രവണത മാറുന്നു. വന്‍തോതില്‍ അഭയാര്‍ഥിപ്രവാഹമുണ്ടായതോടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയില്‍ അഞ്ചു ലക്ഷത്തോളം പേരുടെ വര്‍ധനയാണു കാണുന്നത്.

ഇപ്പോള്‍ 8.12 കോടിയാണ് ജര്‍മനിയിലെ ജനസംഖ്യയെന്നും ഫെഡറല്‍ ഓഫീസ് ഓഫ് സ്റാറ്റിസ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 1992നു ശേഷം രാജ്യത്തെ ജനസംഖ്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനയാണു കഴിഞ്ഞ വര്‍ഷത്തേത്. ജര്‍മന്‍ പുനരേകീകരണത്തെത്തുടര്‍ന്ന് അന്ന് ഏഴു ലക്ഷത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയിരുന്നത്.

പത്തു വര്‍ഷത്തോളമായി രാജ്യത്തെ ജനസംഖ്യ കുറയുന്ന പ്രവണതയ്ക്കാണ് കഴിഞ്ഞ വര്‍ഷം അവസാനമായിരിക്കുന്നത്. ഈ വര്‍ഷം വര്‍ധന ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ജനസംഖ്യാ ചുരുക്കം കാരണം ജര്‍മനി ഭാവിയില്‍ നേരിടുമെന്നു കരുതപ്പെട്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും അഭയാര്‍ഥികളുടെ സാന്നിധ്യം പരിഹാരമാകുമെന്നാണു പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍