ഒഐസിസി ഓസ്ട്രേലിയ ഗാന്ധിജയന്തി ആഘോഷവും ജീവകാരുണ്യ ഫണ്ട് ശേഖരവും നടത്തുന്നു
Friday, September 25, 2015 6:54 AM IST
ഗോള്‍ഡ്കോസ്റ്: ഒഐസിസി ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ ഗാന്ധി ജയന്തി ആഘോഷവും ജീവകാരുണ്യ ഫണ്ട് ശേഖരണവും നടത്തുന്നു.

ഒക്ടോബര്‍ അഞ്ചിനു (തിങ്കള്‍) വൈകുന്നേരം 5.30 മുതല്‍ 8.30 വരെ റിവര്‍ സ്പ്രിംഗ് ക്ളബില്‍ (66 ഏശഹീി ഞീമറ ചലൃമിഴ) നടക്കുന്ന കുടുംബ സംഗമത്തിലും ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനത്തിലും സാമൂഹിക, രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കും. സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും.

മെല്‍ബണ്‍: ഒഐസിസി വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ഒക്ടോബര്‍ രണ്ടിനു (വെള്ളി) നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ നോബിള്‍ പാര്‍ക്കിലാണു പരിപാടികള്‍ അരങ്ങേറുക. പ്രസിഡന്റ് ജോസഫ് പീറ്റര്‍, സെക്രട്ടറി ജിജേഷ് കണ്ണൂര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും.

ഗാന്ധിജയന്തി ദിനത്തില്‍ ഒഐസിസി ഓസ്ട്രേലിയ ശേഖരിക്കുന്ന ഫണ്ട് നല്‍കുന്നത് ഇടുക്കി ജില്ലയിലെ പുറപ്പുഴ വഴിത്തല പുളിത്തോട്ടില്‍ വീട്ടില്‍ പി.സി. സുനില്‍-ജിന്‍സി ദമ്പതികളുടെ പുത്രി രണ്ടു വയസുകാരി ആന്‍ മരിയ സുനിലിനാണ്.

കാലിലെയും കൈയിലെയും തോളിലെയും എല്ലുകള്‍ ഒടിഞ്ഞുപോകുന്ന രോഗത്തിനടിമയായ ആന്‍ മരിയയ്ക്ക് ഇതിനോടകം പത്തോളം ഒടിവുകള്‍ ഉണ്ടായിട്ടുണ്ട്. വലിയ സാമ്പത്തിക ബാധ്യതയുള്ള ഓപ്പറേഷനിലൂടെ സുഖപ്പെടുത്താമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ കുട്ടിക്കുവേണ്ടി ഒഐസിസി ഓസ്ട്രേലിയയ്ക്ക് അപേക്ഷ നല്‍കിയത് ലയണ്‍സ് ക്ളബ് പിറവം ആണ്. ഒഐസിസി ഓസ്ട്രേലിയ ദേശീയ ചെയര്‍മാന്‍ സി.പി. സാജുവിനോടൊപ്പം ലയണ്‍സ് ക്ളബ് പ്രസിഡന്റ് ബിനോയി കള്ളാട്ടുകുഴി, കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി സാജു കെ. പോള്‍, യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു (കണ്ണന്‍) എന്നിവര്‍ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ എത്തി കുട്ടിയെ നേരിട്ടുകണ്ട് കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയതാണ്.