ലിവര്‍പൂള്‍ രൂപതയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയന്‍
Friday, September 25, 2015 6:46 AM IST
ലിവര്‍പൂള്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പാര്‍ക്കുന്ന ലിവര്‍പൂള്‍ രൂപതയില്‍ സീറോ മലബാര്‍ സഭ വിശ്വാസികളുടെ അജപാലന ദൌത്യത്തിനായി ഫാ. ജിനോ അരീക്കാട്ടിനെ നിയമിച്ചു.

സെപ്റ്റംബര്‍ 18ന് ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ് റെയില്‍വേ സ്റേഷനില്‍ എത്തിയ ഫാ. ജിനോ അരീക്കാട്ടിനെ സീകരിക്കാന്‍ ലിവര്‍പൂള്‍ രൂപതയുടെ ബിഷപ് വിന്‍സന്റ് മെലോണ്‍, സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറാടി, ഷ്രൂസ്ബറി രൂപത ചാപ്ളെയിന്‍ ഫാ. ലോനപ്പന്‍ അരങ്ങാശേരി എന്നിവര്‍ക്കൊപ്പം ലിവര്‍പൂളിലെ വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു.

ഞായറാഴ്ച ലിവര്‍പൂളിലെ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. തോമസ് പാറാടിക്കൊപ്പം ഫാ. ജിനോ കാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേ നടന്ന പ്രസംഗത്തില്‍ എല്ലാ വിശ്വാസികളുടെയും ആത്മാര്‍ഥമായ സഹകരണവും സ്നേഹവും ഫാ. ജിനോ അഭ്യര്‍ഥിച്ചു. വിശുദ്ധ കുര്‍ബാനയില്‍ വിവിധ ഇടവകയില്‍നിന്നുള്ള നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ലിവര്‍പൂള്‍ രൂപതയില്‍ ഉള്‍പ്പെട്ട ലിവര്‍പൂള്‍, ഫസാക്കര്‍ലി, വിസ്റണ്‍, സെന്റ് ഹെലന്‍സ്, വാറിംഗ്ടണ്‍, വിഗന്‍, സൌത്ത് പോര്‍ട്ട് എന്നീ ഏഴ് ഇടവകകളിലേക്കായിട്ടാണു ഫാ. ജിനോ അരീക്കാട്ടിനെ നിയമിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ലിവര്‍പൂള്‍ രൂപതയുടെ ആധ്യാത്മികകാര്യങ്ങള്‍ നോക്കി നടത്തുന്നതിനു മാത്രമായിട്ടാണ് ഈ നിയമനം. ഇതിനു മുമ്പ് ലിവര്‍പൂള്‍ രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ബാബു അപ്പാടന്‍ 2012 ല്‍ കേരളത്തിലേക്കു മടങ്ങിയതിനുശേഷം രൂപതയില്‍ സ്ഥിരമായി ഒരു വൈദികനില്ലായിരുന്നു. ആ ഒഴിവിലേക്കാണു കോട്ടയം എമ്മാവൂസ് പ്രൊവിന്‍സിലെ എംസിബിഎസ് സന്യാസ സഭാംഗമായ ഫാ. ജിനോ അരീക്കാട്ടിലിനെ നിയമിച്ചിരിക്കുന്നത്. ചാലക്കുടി കാരൂര്‍ സ്വദേശിയായ ഫാ. ജിനോ, അരീക്കാട് വര്‍ഗീസ് - പൌളി ദമ്പതികളുടെ മൂത്ത പുത്രനാണ്.