വാഷിംഗ്ടണില്‍ ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ന്യൂയോര്‍ക്കില്‍
Friday, September 25, 2015 5:28 AM IST
ന്യൂയോര്‍ക്ക്: രണ്ടു ദിവസത്തെ തിരക്കിട്ട വാഷിങ്ങ്ടണ്‍ പര്യടനത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്ത പരിപാടികളെല്ലാംതന്നെ ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കത്തക്ക പ്രാധാന്യമുള്ള സംഭവങ്ങളാണ്. യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായിട്ടാണു ഒരു ആത്മീയ നേതാവ്, അതും 1.2 ബില്യണ്‍ കത്തോലിക്കരുടെ ആത്മീയ നേതാവായ മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. ഹൌസ് സ്പീക്കര്‍ ജോണ്‍ ബോനര്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് മൂന്നു മാര്‍പാപ്പാമാരെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചെങ്കിലും ഫ്രാന്‍സിസ് പാപ്പായാണു ആദ്യമായി ആ ക്ഷണം സ്വീകരിച്ചത്.

അതുപോലെതന്നെ അമേരിക്കന്‍ മണ്ണില്‍വച്ച് ആദ്യമായിട്ടാണു ഒരു വിശുദ്ധനെ ആഗോളസഭയ്ക്കു നല്‍കിക്കൊണ്ടുള്ള കാനോനൈസേഷന്‍ കുര്‍ബാന ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്നത്. സാധാരണ വത്തിക്കാനില്‍ വച്ചു മാത്രം നിര്‍വഹിക്കാറുള്ള നാമകരണച്ചടങ്ങുകള്‍ കാലിഫോര്‍ണിയയില്‍നിന്നുള്ള ഫ്രാന്‍സിസ്കന്‍ മിഷനറി വൈദികന്‍ വാഴ്ത്തപ്പെട്ട ജൂനിപ്പെറൊ സെറായുടെ കാര്യത്തില്‍ വിശുദ്ധന്റെ ജന്മനാട്ടില്‍ വച്ചുതന്നെ നിറവേറിയത് ഒരു ദൈവനിയോഗം തന്നെ.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രസിഡന്റ് ഒബാമയും പ്രഥമ വനിത മിഷേലും വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വൈറ്റ് ഹൌസ് ഉദ്യാനവളപ്പില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണച്ചടങ്ങില്‍ 20,000ല്‍ അധികം പേര്‍ പങ്കെടുത്തിരുന്നു. വൈറ്റ് ഹൌസ് ഉദ്യാനവളപ്പില്‍ ആദ്യമായിട്ടാണു ഇത്രയും ആള്‍ക്കാര്‍ ഒരു ലോകനേതാവിനെ കാണാന്‍ ഒത്തുകൂടുന്നത്.

കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നേരെ പോയത് ഡൌണ്‍ടൌണിലെ ഏറ്റവും പുരാതനമായ സെന്റ് പാട്രിക്ക് കാത്തലിക് ദേവാലയത്തിലേക്കായിരുന്നു. അവിടെ അദ്ദേഹം വാഷിംഗ്ടണ്‍ അതിരൂപതയുടെ കാത്തലിക് ചാരിറ്റീസ് അപ്പീല്‍ ഓഫീസും, അവരുടെ സാമ്പത്തികസഹായംകൊണ്ടു നടത്തുന്ന ഭവനരഹിതര്‍ക്കുള്ള ഷെല്‍റ്ററും, അവര്‍ക്കുള്ള മീല്‍ പ്രോഗ്രാമും സന്ദര്‍ശിച്ചു. പാവപ്പെട്ട പല അന്തേവാസികളെയും അദ്ദേഹം നേരില്‍ കണ്ടു സമാശ്വസിപ്പിച്ചു.

വാഷിംഗ്ടണിലെ പ്രധാനപ്പെട്ട പരിപാടികളെല്ലാം പൂര്‍ത്തിയാക്കി പരിശുദ്ധപിതാവ് ന്യൂയോര്‍ക്കിലേക്കു തിരിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ വിമാനത്തില്‍ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ന്യൂയോര്‍ക്ക് ബിഷപ്പും മറ്റു വിശിഷ്ടവ്യക്തികളും ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്ന ജനങ്ങളെ പാപ്പ കൈവീശി അഭിവാദ്യം ചെയ്യുകയും അടുത്തുചെന്ന് ആശീര്‍വദിക്കുകയും ചെയ്തു.
പ്രത്യേക ഹെലികോപ്ടറില്‍ മാന്‍ഹാട്ടനിലെത്തിയ മാര്‍പാപ്പ പിന്നീട് പോപ്മൊബീലില്‍ മാന്‍ഹാട്ടന്റെ രാജവീഥിയിലൂടെ സെന്റ് പാട്രിക്ക് കത്തീഡ്രലിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിക്കിരുവശവും തടിച്ചുകൂടിയ ജനങ്ങളെ മാര്‍പാപ്പ അഭിവാദ്യം ചെയ്തു കടന്നുപോയി. സെന്റ് പാട്രിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍പാപ്പ സന്ധ്യാപ്രാര്‍ത്ഥന നയിച്ചു.

വെള്ളിയാഴ്ച്ച പരിശുദ്ധപിതാവ് യുഎന്‍ ജനറല്‍ അസംബ്ളിയുടെ എഴുപതാം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ജനറല്‍ അസംബ്ളിയെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഹാര്‍ലെമിലുള്ള ഔവര്‍ ലേഡി ക്വീന്‍ ഓഫ് ഏഞ്ചല്‍സ് സ്കൂളിലെ കൊച്ചുകുട്ടികളും, അവരുടെ അധ്യാപകരുമായും സംവാദം നടത്തും. വൈകുന്നേറം മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ പൊതുദിവ്യബലിയര്‍പ്പിക്കും.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍