സംവിധായകന്‍ സൈമണ്‍ കുര്യനും, ഗീതാഞ്ജലി കുര്യനും ഐഎപിസി മാധ്യമ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കും
Friday, September 25, 2015 5:27 AM IST
ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചു നടക്കുന്ന മാധ്യമ ശില്‍പ്പശാലയ്ക്ക് പ്രഗല്ഭ ഡോക്യുമെന്ററി സംവിധായകന്‍ സൈമണ്‍ കുര്യനും അദ്ദേഹത്തിന്റെ ഭാര്യയും ടിവി പ്രൊഡ്യൂസറും എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഗീതാഞ്ജലി കുര്യനും നേതൃത്വം നല്‍കും. ഓസ്ട്രേലിയയിലെ സിഡ്നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈമണ്‍ കുര്യനും ഗീതാഞ്ജലിയും മലയാളികളാണ്.

അത്ഭുതങ്ങളുടെയും ഇന്നുവരെ കണ്ടിട്ടില്ലാത്ത ജീവിതങ്ങളുടെയും കഥകള്‍ ഇന്ത്യയില്‍നിന്നു ലോകത്തിനു പരിചയപ്പെടുത്തുന്ന കണ്ണുകളാണു സൈമണ്‍ കുര്യന്റേത്. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍ഗോഡിന്റെ ദുരന്തകഥ ലോകത്തിനു മുന്നിലെത്തിച്ചത് സൈമണ്‍ സംവിധാനം ചെയ്ത ടോക്സിക് വാലി എന്ന ഡോക്യുമെന്ററിയിലൂടെയാണ്. 2011ല്‍ സ്റ്റോക്ഹോമില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഉയര്‍ന്ന പ്രതിഷേധത്തിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ കഥകള്‍ ലോകമറിഞ്ഞപ്പോള്‍ ആ കഥകള്‍ ലോകത്തിനു മുന്നിലേക്കെത്തിക്കാനായി ഓസ്ട്രേലിയയില്‍നിന്നു കാസര്‍ഗോട്ടേക്ക് എത്തുകയായിരുന്നു സൈമണ്‍. ഒപ്പം ഭാര്യ ഗീതാഞ്ജലി കുര്യനും. മൂന്നുവര്‍ഷം നീണ്ട അവരുടെ പ്രയത്നത്തിന്റെ പ്രതിഫലമായിരുന്നു ടോക്സിക് വാലി. കീടനാശിനികളുടെ ഉപയോഗത്തിന്റെ ദുരന്തഫലങ്ങള്‍ പേറുന്ന ഒരു നാടിന്റെ കഥ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിക്കുന്നതില്‍ സൈമണ്‍ വഹിച്ച പങ്ക് ചെറുതല്ല. ലോകവ്യാപകമായിത്തന്നെ കീടനാശിനികള്‍ക്കെതിരായ വികാരം നിര്‍മിച്ചെടുക്കുന്നതിനും ഇത് സഹായകമായി.

രണ്ടര ദശകങ്ങളായി ഡോക്യുമെന്ററി നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സൈമണ്‍ ബിബിസി, ചാനല്‍ ഫോര്‍ യുകെ തുടങ്ങിയവയ്ക്കായി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ ശിവാസ് ഡിസൈപ്പിള്‍സ് എന്ന ഡോക്യുമെന്ററി ലോകപ്രശസ്തമാണ്.

സൈമണോടൊപ്പം ഭാര്യ ഗീതാഞ്ജലിയും ഈ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളിയാണ്. എഴുത്തുകാരിയായും ഗവേഷകയായും നിര്‍മാതാവായും അവരാണു ഈ ഡോക്യുമെന്ററികളുടെ എല്ലാം പിന്നിലുള്ള ശക്തിയായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇരുവരും നേതൃത്വം നല്‍കുന്ന ശില്‍പ്പശാല ഡോക്യുമെന്ററി രംഗത്തെക്കുറിച്ചു അതിവിപുലമായ അറിവ് പകരാന്‍ കഴിയുന്നതാണെന്നതില്‍ സംശയമില്ല.

2015 ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഇന്‍ഡോഅമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്തര്‍ദേശീയ മാധ്യമസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ നയിക്കുന്ന ഉന്നത നിലവാരമുള്ള സെമിനാറുകളും വര്‍ക്കുഷോപ്പുകളും ഉണ്ടായിരിക്കും. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റുകളെയും ഫോട്ടോഗ്രാഫേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്/ ഫീച്ചര്‍ റൈറ്റിംഗ്, ഫോട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തുന്ന പൊതു സമ്മേളനത്തില്‍ ആദരണീയയായ സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിക്ക് 'സത്കര്‍മ' അവാര്‍ഡ് നല്‍കി ആദരിക്കുമെന്നും ഐഎപിസി ഭാരവാഹികള്‍ അറിയിച്ചു.