കെഎച്ച്എന്‍എ 2017 ഗ്ളോബല്‍ കണ്‍വന്‍ഷന്‍: സ്വാഗതസംഘം രൂപവത്കരിച്ചു
Friday, September 25, 2015 5:27 AM IST
ഡിട്രോയിറ്റ്: കെഎച്ച്എന്‍എ 2017 ഗ്ളോബല്‍ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന കെഎച്ച്എന്‍എ മിഷിഗണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തക യോഗം വൈസ് പ്രസിഡന്റ് മനോജ് കൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

അനുദിനം ആധുനികമായിരിക്കൊണ്ടിരിക്കുന്ന ആര്‍ഷഭാരതത്തിന്റെ മതാതീതമായ മാനവികത, ധര്‍മ സങ്കല്പം, അമേരിക്കന്‍ ജനതയില്‍ സൃഷ്ടിക്കാവുന്ന പരിവര്‍ത്തനങ്ങള്‍ എന്നിവ.#ക്കുറിച്ചു യോഗം ഉദ്ഘാടനം ചെയ്ത കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സവിസ്തരം പ്രതിപാദിച്ചു.

ഒക്ടോബര്‍ 17-നു ഡിട്രോയിറ്റില്‍ ചേരുന്ന നേതൃസമ്മേളനത്തില്‍ ശുഭാരംഭം കുറിക്കാന്‍ പോകുന്ന അമേരിക്കയിലെ മലയാളി ഹൈന്ദവസംഘടനകളുടെ ഐക്യരൂപീകരണം, യുവജനങ്ങളെ ലക്ഷ്യമിടുന്ന 'യൂത്ത് ഫോര്‍ യൂത്ത്', വനിതകള്‍ക്കായുള്ള 'മാതൃസ്വാഭിമാന്‍' പദ്ധതി, സാങ്കേതികവിദഗ്ധരുടേയും നവസംരംഭകരുടേയും സമന്വയം എന്നീ പരിപാടികളെക്കുറിച്ച് ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി വിശദീകരിച്ചു. സമ്മേളനത്തില്‍ അതിഥികളായെത്തുന്ന ആദ്ധ്യാത്മികാചാര്യന്മാരേയും, കലാ-സാംസ്കാരിക പ്രതിഭകളെയും ഊഷ്മളമായി വരവേല്‍ക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളൊരുക്കുന്ന വിവിധ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കി.

മൂവായിരത്തോളം പ്രതിനിധികളെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷന്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നതിനുള്ള ഗൌരവമായ ചര്‍ച്ചകളും, ആചാര്യസമീക്ഷയും, അനുഷ്ടാനകലാരൂപങ്ങളും, ക്ഷേത്രകലകളും കൈകോര്‍ക്കുന്ന ഇടവേളകളും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചകളിലുടനീളം നിറഞ്ഞുനിന്നു. രാജേഷ് നായര്‍, ബൈജു പണിക്കര്‍, ഡോ. ഗീതാ നായര്‍, സുനില്‍ പൈങ്ങോള്‍, സുദര്‍ശനക്കുറുപ്പ്, ഗിരീഷ് നായര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സെക്രട്ടറി പ്രസന്ന മോഹന്‍ സ്വാഗതവും, ജോ. സെക്രട്ടറി ശ്രീജാ പ്രദീപ് നന്ദിയും പറഞ്ഞു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം