അഭയാര്‍ഥി ക്വോട്ട: യൂറോപ്യന്‍ വിള്ളലുകള്‍ വീണ്ടും പ്രകടമാകുന്നു
Thursday, September 24, 2015 8:07 AM IST
ബ്രസല്‍സ്: 1,20,000 അഭയാര്‍ഥികളെ ക്വോട്ട സമ്പ്രദായത്തില്‍ വീതം വയ്ക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്കിടയിലെ ഭിന്നത കൂടുതല്‍ പ്രകടമാകുന്നു.

ധാര്‍മിക അധിനിവേശം നടത്താനാണുജര്‍മനി ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍, സ്വന്തം നിലയ്ക്ക് പുതിയ പദ്ധതിയും അവതരിപ്പിച്ചു. സ്ളോവാക്യ ക്വോട്ട സമ്പ്രദായത്തിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണു ക്വോട്ട സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സ്ളോവാക്യയും ചെക്ക് റിപ്പബ്ളിക്കും അടക്കം നാലു രാജ്യങ്ങള്‍ മാത്രമാണ് ഇതിനെ എതിര്‍ത്തത്. എന്നാല്‍, തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഈ നാലു രാജ്യങ്ങളും.

അതേസമയം, പങ്കുവയ്ക്കപ്പെടേണ്ട അഭയാര്‍ഥികളുടെ എണ്ണം 1,60,000 ആക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണ് ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കു പുറമേ തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു വരുന്നവരെ കൂടി സഹായിക്കണമെന്ന നിലപാടും ഇവര്‍ സ്വീകരിച്ചിരിക്കുന്നു.

അഭയാര്‍ഥി നിയമം ലംഘിച്ചതിനു ജര്‍മനിക്കെതിരേ അന്വേഷണം

അഭയാര്‍ഥി നിയമങ്ങള്‍ ലംഘിച്ചതിനു ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും സ്പെയ്നും ഓസ്ട്രിയയും അടക്കം പത്തൊമ്പതു രാജ്യങ്ങള്‍ക്കെതിരേ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം പ്രഖ്യാപിച്ചു.

അഭയാര്‍ഥികള്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ മിനിമം നിലവാരം പുലര്‍ത്തിയില്ലെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മനുഷ്യാവകാശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണമെന്നും യൂറോപ്യന്‍ കമ്മിഷന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍