രാജിവച്ച ഫോക്സ്വാഗന്‍ ചീഫ് വിന്റര്‍കോണിനു ലഭിക്കുന്നത് 60 മില്യന്‍ യൂറോ
Thursday, September 24, 2015 8:07 AM IST
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാണകമ്പനിയായ ഫോക്സ്വാഗന്‍ ഗ്രൂപ്പിന്റെ സിഇഒ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ തല്‍സ്ഥാനം രാജിവച്ചു പടിയിറങ്ങുമ്പോള്‍ ലഭിക്കുന്നത് 60 മില്യന്‍ യൂറോ. എന്നാല്‍ പോയ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് കാലത്ത് ലഭിക്കാന്‍ കണക്കുകൂട്ടിയിരുന്നത് 28.5 മില്യന്‍ യൂറോയായിരുന്നു. എന്നാല്‍ 2018 വരെ സിഇഒ ആയി തുടരാന്‍ കാലാവധി ഉണ്ടായിരിക്കെ അതിനു മുമ്പ് പടിയിേറങ്ങേണ്ടി വന്നു. അതുകൊണ്ടുതന്നെ തുകയുടെ വലിപ്പവും ഇപ്പോള്‍ കൂടിവന്നു.

2013 ല്‍ ശമ്പളം ഇനത്തില്‍ കൈപ്പറ്റിയത് 15 മില്യനും 2014 ല്‍ 16.6 മില്യന്‍ യൂറോയും ആണെന്നിരിക്കെ, ഇദ്ദേഹമാണ് ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന എക്സിക്യൂട്ടീവ്.

ഗുണമേന്മയുടെ പ്രവാചകനായിരുന്ന ഇദ്ദേഹം മിസ്റര്‍ ക്വാളിറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്. എങ്കിലും 2009 നും 2014 നും ഇടയില്‍ കമ്പനി പുറത്തിറക്കിയ ഡീസല്‍ കാറുകളുടെ പുകപരിശോധനയില്‍ തട്ടിപ്പു നടത്തിയതു വെളിച്ചത്തായതിനെത്തുടര്‍ന്നാണ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ചത്.

രാജി ഒഴിവാക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും ലോവര്‍ സാക്സണി സംസ്ഥാനത്തിന്റെ കര്‍ശന നിലപാടില്‍ വിന്റര്‍കോണിനു പടിയിറങ്ങേണ്ടി വന്നു. കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ സംസ്ഥാന മുഖ്യമന്ത്രി സ്റെഫാന്‍ വൈല്‍(എസ്പിഡി) നടത്തിയ വീറ്റോ അധികാരത്തില്‍ സ്ഥാനം തെറിക്കുകയായിരുന്നു.

ബുധനാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു രാജി. വെള്ളിയാഴ്ച ചേരുന്ന ഡയറക്ടര്‍ യോഗത്തില്‍ പുതിയ മേധാവിയെ തെരഞ്ഞെടുക്കും. ആറുലക്ഷം ജോലിക്കാരാണ് ഫോക്സ്വാഗന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍