മെര്‍ക്കലിന്റേത് ധാര്‍മിക അധിനിവേശം: ഓര്‍ബന്‍
Thursday, September 24, 2015 8:06 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ യൂറോപ്പില്‍ ധാര്‍മിക അധിനിവേശം നടത്താനാണ് ശ്രമിക്കുന്നതെന്നു ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ സമാന്തര പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു.

യൂറോപ്പിലേക്ക് അഭയാര്‍ഥിപ്രവാഹം തുടരുമ്പോള്‍ മെര്‍ക്കല്‍ എന്തു ചെയ്യണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ദീര്‍ഘമായൊരു പട്ടികയാണ് തന്റെ കൈയിലുള്ളതെന്നായിരുന്നു ഓര്‍ബന്റെ മറുപടി.

തുറന്ന യൂറോപ്പ് എന്ന സ്വന്തം ദര്‍ശനം യൂറോപ്പിന്റെ മുഴുവന്‍ മുകളില്‍ അടിച്ചേല്‍പ്പിക്കാനാണു മെര്‍ക്കല്‍ ശ്രമിക്കുന്നത്. ധാര്‍മിക അധിനിവേശം ഉണ്ടാകാതിരിക്കുക എന്നതാണ് പ്രധാനമെന്നും ബവേറിയന്‍ സന്ദര്‍ശനവേളയില്‍ത്തന്നെ ഓര്‍ബന്‍ തുറന്നടിച്ചു.

വ്യത്യസ്തമായ സമീപനം സ്വീകരിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഹംഗറിക്കുണ്ട്. ജര്‍മനിക്ക് അവരുടെ ധാര്‍മികമൂല്യങ്ങള്‍ സ്വീകരിക്കാന്‍ അവരുടേതായ അവകാശമുണ്ട്. എല്ലാ അഭയാര്‍ഥികളെയും സ്വീകരിക്കണോ വേണ്ടയോ എന്ന് അവര്‍ക്കു തീരുമാനിക്കാം. എന്നാല്‍, അവരുടെ തീരുമാനം ബാക്കി എല്ലാവരും സ്വീകരിക്കണമെന്നു പറഞ്ഞാല്‍ സമ്മതിക്കാന്‍ കഴിയില്ല.

ജര്‍മന്‍ മനസ് ഉപയോഗിച്ച് ചിന്തിക്കാന്‍ ഹംഗറിക്കു കഴിയില്ല. അഭയാര്‍ഥി പ്രവാഹത്തിന്റെ സ്വാധീനം നിയന്ത്രിക്കാനുള്ള അവകാശം ഹംഗറിക്കുണ്ടെന്നും ഓര്‍ബന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍