കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു
Thursday, September 24, 2015 8:05 AM IST
അബാസിയ: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു. അബാസിയ ദാറുസിഹ പോളിക്ളിനിക് ഗ്രൌണ്ടില്‍ നടന്ന ഈദ് ഗാഹ് ഖുതുബ നിര്‍വഹിച്ച പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി, ആദര്‍ശ പുരുഷനായ ഇബ്രാഹിം (അ) ദൈവിക കല്‍പ്പന സര്‍വാത്മനാ അനുസരിച്ചുകൊണ്ട് പുത്രനായ ഇസ്മായിലിനെ ബലികൊടുക്കാന്‍ തയാറായ മഹാത്യാഗത്തിന്റെ ചരിത്ര സാക്ഷ്യമാണ് ബലിപെരുന്നാളെന്ന് അഭിപ്രായപ്പെട്ടു.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്ന് സ്ഥലങ്ങളില്‍ കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു. സാല്‍മിയ പ്രൈവറ്റ് എഡ്യൂക്കേഷന് പാര്‍ക്ക് ഗ്രൌണ്ടില്‍ മുഹമ്മദ് അഷ്റഫ് മദനി എകരൂലും ഫഹാഹീലില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ മുജീബുറഹ്മാന്‍ സ്വലാഹിയും ഫര്‍വാനിയ ഗാര്‍ഡനു സമീപത്തുള്ള ഗ്രൌണ്ടില്‍ സി.പി. അബ്ദുള്‍ അസീസും അബൂഹലീഫ ഫാര്‍മസിക്കു സമീപമുള്ള ഫുട്ബോള്‍ ഗ്രൌണ്ടില്‍ ഹാഫിദ് മുഹമ്മദ് അസ്ലമും മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ സ്വലാഹുദ്ദീന്‍ സ്വലാഹിയും ജഹ്റ അല്‍ ഒര്‍ഫ് ഹോസ്പിറ്റലിനു എതിര്‍വശത്തുള്ള ഗ്രൌണ്ടില്‍ അബ്ദുസലാം സ്വലാഹിയും ഹവല്ലി ജംഇയ്യക്ക് എതിര്‍ വശത്തുള്ള പാര്‍ക്കിനു സമീപം ഷമീര്‍ അലി എകരൂലും ശര്‍ഖ് പോലീസ് സ്റ്റേഷനു സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ ശമീര്‍ മദനിയും ഖൈത്താന്‍ മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപമുള്ള ഗ്രൌണ്ടില്‍ സൈതലവി സുല്ലമിയും മഹബൂലയില്‍ മലയാളം ഖുത്ബ നടക്കുന്ന മസ്ജിദ് നാഫിഅ് അല്‍ ഹാഫിദ് സാലിഹ് സുബൈറും ഖുത്ബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കി.

ഈദുഗാഹുകളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ പങ്കെടുക്കുകയും പരസ്പരം ഈദ് ആശംസകള്‍ പങ്കിടുകയും ചെയ്തു. തുടര്‍ന്നു വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഹിയത് കര്‍മം നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍