രാഹുല്‍ ഗാന്ധി കൊളറാഡോ സമ്മേളനത്തില്‍ പങ്കെടുക്കും
Thursday, September 24, 2015 5:26 AM IST
എസ്പെന്‍ (കൊളറാഡൊ): ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൊളറാഡൊ എസ്പെനില്‍ നടക്കുന്ന 'വീക്കെന്‍ഡ് വിത്ത് ചാര്‍ളി റോസ്' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് യാത്ര തിരിച്ചതായി കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തകൃതിയായി മുന്നേറുമ്പോള്‍, രാഹുലിന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന് സഖ്യകക്ഷികളുടെ നിര്‍ബന്ധത്തിനു വഴങ്ങി രാഹുലിന് അവധി നല്‍കിയതാണെന്നു ബിജെപി ആരോപിച്ചിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്ന വന്‍ പരാജയത്തിനു മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് ബിജെപി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും ആരോപിച്ചു. വിവിധ തുറകളിലുളള പ്രഗല്ഭര്‍ അണിനിരക്കുന്ന 'ചാര്‍ളി റോസ്' പരിപാടിയില്‍ പങ്കെടുക്കുന്നതിനു പ്രത്യേക ക്ഷണം ലഭിച്ചതിനാലാണു രാഹുലിന് അമേരിക്കയിലേക്കു പോകേണ്ടി വന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

സ്വകാര്യ സന്ദര്‍ശനത്തിനാണു രാഹുല്‍ അമേരിക്കയിലേക്കു പോകുന്നതെന്ന കോണ്‍ഗ്രസിന്റെ ആദ്യ പ്രസ്താവനയാണ് ആശയക്കുഴപ്പത്തിനു കാരണമായത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍