യൂറോപ്പില്‍ അഭയാര്‍ഥി ക്വോട്ടയ്ക്ക് ധാരണയായി
Wednesday, September 23, 2015 8:14 AM IST
ബ്രസല്‍സ്: ക്വോട്ട സമ്പ്രദായത്തില്‍ അഭയാര്‍ഥികളെ യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ പങ്കുവച്ചെടുക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. 120,000 അഭയാര്‍ഥികളെ വീതം വയ്ക്കുന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോഴത്തെ ധാരണ.

മധ്യ യൂറോപ്പില്‍നിന്നും കിഴക്കന്‍ യൂറോപ്പില്‍നിന്നുമായി നാല് രാജ്യങ്ങള്‍ മാത്രമാണു നിര്‍ദേശത്തെ എതിര്‍ത്തത്. എന്നാല്‍, ഇത്തരം വീതംവയ്പ് സ്ഥിരം സംവിധാനമാക്കാനുള്ള ഏതു നീക്കത്തെയും എതിര്‍ക്കുമെന്ന് മറ്റു പല രാജ്യങ്ങളുടെയും പ്രതിനിധികള്‍ വ്യക്തമാക്കി.

ബുധനാഴ്ച ചേരുന്ന ഉച്ചകോടിയില്‍ ധാരണയ്ക്ക് അംഗീകാരം നല്‍കും. ഇതിനൊപ്പം, ക്വോട്ടയില്‍ ഉള്‍പ്പെടുന്ന അഭയാര്‍ഥികളുടെ എണ്ണം 1,60,000 ആയി ഉയര്‍ത്താനുള്ള നീക്കവും സജീവമാണ്. കിഴക്കന്‍ യൂറോപ്പിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഇതു പാസാക്കിയെടുക്കുന്ന കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്.

ഇത്തരം കരാറുകളില്‍നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുന്ന നിലപാടാണു ബ്രിട്ടന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, പൂര്‍ണ അംഗത്വമില്ലാത്ത ബ്രിട്ടനെ പോലെ ഒഴിഞ്ഞു നില്‍ക്കാന്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സാധിക്കില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍