പൂഴിക്കോല്‍ സംഗമത്തിന്റെ ദശാബ്ദി ആഘോഷം വര്‍ണാഭമായി
Wednesday, September 23, 2015 6:38 AM IST
ബര്‍മിംഗ്ഹാം: യുകെയില്‍ ദേശങ്ങളുടെ സംഗമത്തിനു തുടക്കമിട്ട കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ നിവാസികളുടെ ദശാബ്ദി ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ കൊണ്ടാടി.

സെപ്റ്റംബര്‍ 20നു രാവിലെ 10ന് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഈശ്വര പ്രാര്‍ഥനക്കുശേഷം ബിജു മടക്കക്കുഴി പൂര്‍വകാല സ്മരണകള്‍ അവതരിപ്പിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കാലാപരിപാടികളും വാശിയേറിയ വടം വലിയും നടന്നു.

ഉച്ച ഭക്ഷണത്തിനുശേഷം നടന്ന സാംസ്കാരിക സമ്മേളനം ഫാ. ജസ്റിന്‍ കാരക്കാട്ട് നിര്‍വഹിച്ചു. സജിമോന്‍ മൂര്‍തിങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രവാസികളായി കഴിയുമ്പോഴും നാടിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിലും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനും ഇത്തരം സംഗമങ്ങള്‍ അനിവാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഫാ. ജസ്റിന്‍ ഓര്‍മപ്പെടുത്തി.

മന്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംഗമത്തിനു ടെലിഫോണ്‍ വഴി ആശംസകള്‍ നേര്‍ന്നു. പ്രവാസികളുടെ ഏതൊരു ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ വക എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് സിറില്‍ പടപ്പുരക്കല്‍, റോയി മൂര്‍തിങ്കല്‍, ദിലീപ് മാത്യു, അളിയന്മാര്‍ക്കുവേണ്ടി സന്തോഷ്, നൈസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സമ്മേളനത്തിനുശേഷം യുകെയിലെ പ്രശസ്ത മജീഷ്യന്‍ ജോണ്‍ മുളയങ്കല്‍ അവതരിപ്പിച്ച മാജിക് ഷോ, ശ്രുതിമധുരമായ ഗാനമേള, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ സ്റേജില്‍ അരങ്ങേറി. കൊളസ്ട്രോള്‍ ബ്രേക്ക് പരിപാടിക്കു സെബാസ്റ്യന്‍ മുതുപാറക്കുന്നേല്‍ നേതൃത്വം കൊടുത്തു. മത്സര വിജയികള്‍ക്കു തോമസ് പടപ്പുരയ്ക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹരായ എബിന്‍/റോയി മൂര്‍ത്തിങ്കല്‍, അതുല്‍ പടപ്പുരക്കല്‍ എന്നിവരെ ജോമോന്‍ മടക്കക്കുഴി മൊമെന്റോ നല്‍കി ആദരിച്ചു. പത്താമത് സംഗമം വളരെ മനോഹരമായി നടത്താന്‍ മുന്‍കൈ എടുത്ത ബിജു/ആശ മടക്കകുഴി കുടുംബത്തെ ജെറിന്‍ ചെമ്പനിയില്‍ അനുമോദിച്ചു. സംഗമത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

അടുത്ത വര്‍ഷം യൂറോപ്പില്‍ ആകമാനമുള്ള പൂഴിക്കോല്‍ നിവാസികളെ ഉള്‍പ്പെടുത്തി സംഗമം നടത്തുവാന്‍ ബിബിന്‍ കുഴിവേലില്‍, സന്തോഷ് ഓച്ചാലില്‍, അജിത് അച്ചാണ്ടില്‍, നൈസ് ജോസ് എന്നിവരെ ചുമതലപ്പെടുത്തി.