നികുതി വെട്ടിപ്പ്: ഏഴ് ഇന്ത്യന്‍ മദ്യവ്യവസായികള്‍ക്കെതിരെ കേസെടുത്തു
Wednesday, September 23, 2015 6:35 AM IST
ഷിക്കാഗോ: വില്‍പ്പന നികുതിയില്‍ വെട്ടിപ്പു നടത്തിയ ഷിക്കാഗോയിലെ മദ്യ വില്‍പ്പനക്കാരായ ഏഴ് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായികള്‍ക്കെതിരെ കേസെടുത്തതായി സെപ്റ്റംബര്‍ 18ന് അറ്റോര്‍ണി ജനറല്‍ ഓഫീസില്‍നിന്നുളള പ്രസ്താവനയില്‍ പറയുന്നു.

ചിരാഗ് പട്ടേല്‍, ദീപക് കുമാര്‍ പട്ടേല്‍, ജിഗര്‍ കുമാര്‍ പട്ടേല്‍, മുകേഷ് പട്ടേല്‍, നിഷാന്റ് പട്ടേല്‍, രജനികാന്ത് പട്ടേല്‍, വിഷല്‍ പട്ടേല്‍ എന്നിവരാണു കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ കൂടാതെ ആബ്ദുള്‍ ഫത്ത, യാസിര്‍ കനാ എന്നിവരേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2010 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെ 3.5 മില്യന്‍ ഡോളറിന്റെ നികുതിപണമാണ് ഇല്ലിനോയ് സംസ്ഥാനത്തിനു മദ്യ വില്‍പ്പനയിനത്തില്‍ നഷ്ടമായത്. മൂന്നു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇല്ലിനോയ്സില്‍ വില്‍പ്പന നികുതി വെട്ടിപ്പു നടത്തുന്ന മറ്റു വ്യവസായികള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് അറ്റോര്‍ണി ജനറല്‍ ലിസ മാഡിഗന്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍