ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷിച്ചു
Wednesday, September 23, 2015 6:32 AM IST
ഡാളസ്: കരോള്‍ട്ടണ്‍ സിറ്റിയിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷിച്ചു. മൂന്നുദിവസം നീണ്ട ഭക്തിസാന്ദ്രമായ പൂജകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ സ്പിരിച്വല്‍ ഹാളില്‍ ഒരുക്കിയ പീഠത്തില്‍ ഗണപതിയുടെ വിഗ്രഹത്തിനു മുമ്പില്‍ മധുര പലഹാരങ്ങളുടെ കൂമ്പാരങ്ങളൊരുക്കി പൂജകള്‍ അര്‍പ്പിച്ച്, ഭജനകള്‍ നടത്തി ഗണേശഭക്തര്‍ സായൂജ്യം നേടി.

ഉത്സവത്തിന്റെ സമാപന ദിനമായ ശനിയാഴ്ച വൈകുന്നേരം സത്യനാരായണ പൂജയും അതിനുശേഷം ഘോഷയാത്രയായി ഗണേശ വിഗ്രഹം പ്രധാന ക്ഷേത്രം വലംവച്ച് ജലാശയത്തില്‍ നിര്‍മാര്‍ജനം ചെയ്തു. വാദ്യമേളത്തോടൊപ്പം ചുവടുകള്‍ വച്ച്, ചായ കൂട്ടുകള്‍ വാരിവിതറി നിരവധി ഭക്തര്‍, ഭക്തി ലഹരി ആവോളം ആസ്വദിച്ചു. വടക്കേ ഇന്ത്യയില്‍ അതിവിപുലമായി നടത്തുന്ന ഗണേശ ഉത്സവം, ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ആഘോഷിക്കുവാന്‍ സാധിച്ചത് വിഘ്നേശ്വരന്റെ അനുഗ്രഹം മൂലമാണെന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിളളയും ട്രസ്റി ചെയര്‍മാന്‍ ഹരിദാസന്‍ പിളളയും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍