കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഓണാഘോഷങ്ങള്‍ വേറിട്ടതായി
Wednesday, September 23, 2015 5:06 AM IST
വാഷിംഗ്ടണ്‍ ഡി.സി: കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ (കെഎജിഡബ്ള്യു) നാല്‍പ്പതാമതു ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 19-നു വര്‍ണ്ണാഭമായി നടത്തി. ചടങ്ങില്‍ വള്ളത്തോള്‍ പുരസ്കാരം നേടിയ വാഷിംഗ്ടണിലെ മലയാളി സാഹിത്യ പ്രവര്‍ത്തകന്‍ പി.സി നായരുടെ അനുമോദനവും 'മലയാളമേ....' എന്നു തുടങ്ങുന്ന അസോസിയേഷന്‍ ആശയഗാനത്തിന്റെ ചലച്ചിത്രാവിഷ്കാരവും ഓണാഘോഷങ്ങളുടെ ഭാഗമായി മഹാബലിയും ശുക്രാചാര്യനും, വാമനനും ദശാവതാരങ്ങളും മാറിമറിഞ്ഞ കലാപരിപാടികളില്‍ നൃത്തനൃത്യങ്ങളും ഗാനങ്ങളും കൊഴുപ്പുകൂട്ടി.

മാര്‍ഷല്‍ ഹൈസ്കൂളിന്റെ ഓഡിറ്റോറിയത്തിലൂടെ വേദിയിലൂടെ ഓണമായും, ആഘോഷമായും മുന്നില്‍ തെളിഞ്ഞത് നമ്മുടെ- വാഷിംഗ്ടണ്‍ മലയളികളുടെ കഴിഞ്ഞ നാലു ദശകങ്ങളിലെ വിജയചരിത്രമാണ്. അറുപതുകളില്‍ ഇവിടെയെത്തിയ ഡോ. നായരും നാലോ അഞ്ചോ വയസുള്ള ഇവിടെ ജനിച്ച കുട്ടികളും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മലയാള ഭാഷയുടേയും, കേരളത്തിന്റെ കലകളുടേയും, സംസ്കാരത്തിന്റേയും ഒരിക്കലും മുറിഞ്ഞുപോകാത്ത ഒരു ശൃംഖല പ്രദര്‍ശിപ്പിക്കുകയായിരുന്നു കെഎജിഡബ്ള്യു.

കെഎജിഡബ്ള്യു പ്രസിഡന്റ് അരുണ്‍ ജോ സഖറിയ, വൈസ് പ്രസിഡന്റ് ഹരി നമ്പ്യാര്‍, പ്രസിഡന്റ് ഇലക്ട് രഘു നമ്പിയത്ത്, സെക്രട്ടറി സ്മിത മേനോന്‍, എന്റര്‍ടൈന്‍മെന്റിനു നേതൃത്വം നല്‍കിയ സുഷമ പ്രവീണ്‍, സജി ജോസ് എന്നിവരും കെഎജിഡബ്ള്യുവിന്റെ കമ്മിറ്റിയംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം