മെര്‍ക്കലും ഒളാന്ദും സംയുക്തമായി യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും
Tuesday, September 22, 2015 8:19 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും ഒക്ടോബര്‍ ഏഴിന് സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംയുക്ത പ്രസംഗം നടത്തും. 1989നു ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ സംയുക്തമായി പ്രസംഗിക്കുന്നത്.

യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഉദ്യമം. ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ ചരിത്രപരമായൊരു നടപടിയായിരിക്കും ഇതെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് മേധാവി മാര്‍ട്ടിന്‍ ഷൂള്‍സ് അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കു മുന്നില്‍ തന്നെ സംയുക്ത പ്രസ്താവന വരുന്നത് നല്ല സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീക്ക് പ്രതിസന്ധി മുതല്‍ അഭയാര്‍ഥി പ്രവാഹം മുതല്‍ യൂറോപ്പ് നേരിടുന്ന വലിയ പ്രശ്നങ്ങളിലെല്ലാം ഒരുമിച്ചു നേതൃത്വം നല്‍കിയവരാണ് മെര്‍ക്കലും ഒളാന്ദും. 26 വര്‍ഷം മുമ്പ് അന്നത്തെ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ മിത്തറാങ്ങും ചേര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനുള്ളില്‍ സമാധാനം ഉറപ്പാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു അത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍