അമേരിക്കന്‍ ആരോപണം; ഫോക്സ്വാഗന്‍ ഓഹരി വില കുത്തനെ ഇടിഞ്ഞു
Tuesday, September 22, 2015 8:18 AM IST
ബര്‍ലിന്‍: ഫോക്സ്വാഗന്റെ അഞ്ചു ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ നിര്‍ദേശിച്ചതോടെ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച ഓഹരി വിപണി ക്ളോസുചെയ്യുമ്പോള്‍ 19 മില്ല്യാര്‍ഡ് യൂറോയുടെ നഷ്ടമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത്. 19 ശതമാനം ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വലിയ ആരോപണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ പിഴവ് എങ്ങനെ മറികടക്കാന്‍ സാധിക്കുമെന്നാണ് കമ്പനിമേധാവികള്‍ തലപുകയ്ക്കുന്നത്.

വായു മലിനീകരണം അളക്കാനുള്ള സംവിധാനത്തില്‍ കൃത്രിമം കാണിക്കാനുള്ള ഉപകരണം ഘടിപ്പിച്ച് കാറുകള്‍ വില്‍പ്പന നടത്തിയെന്നാരോപിച്ചാണ് പിന്‍വലിക്കാന്‍ ഇടയാക്കിയത്.

കമ്പനി സിഇഒ മാര്‍ട്ടിന്‍ വിന്റര്‍കോം ഇതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്. അമേരിക്കന്‍ ആരോപണങ്ങളെ തുടര്‍ന്ന് ആഗോള തലത്തില്‍ ഫോക്സ്വാഗന്‍ കമ്പനിയുടെ ഇമേജിന് കോട്ടംതട്ടിയതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയില്‍ ഫോക്സ്വാഗന്‍ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ്.

സംഭവത്തെക്കുറിച്ച് ജര്‍മന്‍ ഗതാഗത വകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തെ ഫോക്സ് വാഗന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ സ്വാഗതം ചെയ്തു. മലിനീകരണം സംബന്ധിച്ച അന്വേഷണം നടത്തുമെന്ന് ദക്ഷിണ കൊറിയന്‍ അധികൃതരും അറിയിച്ചിട്ടുണ്ട്. കാറൊന്നിന് 37,500 ഡോളര്‍ കണക്കാക്കി 18 മില്ല്യാര്‍ഡ് ഡോളര്‍ പിഴയടയ്ക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ കമ്പനി വിറ്റ 11 മില്യന്‍ കാറുകളിലും കൃത്രിമം നടന്നതായി അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍