'സംവാദം സംവേദന മാധ്യമമാക്കുക'
Tuesday, September 22, 2015 8:17 AM IST
ദോഹ: സാര്‍വലൌകികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മുഴുവന്‍ മനുഷ്യരുടേയും വിമോചനത്തിനായുള്ള പോരാട്ടത്തിലെ ഇബ്രാഹിം പാത സര്‍ഗാത്മകമായ സംവാദമായിരുന്നുവെന്നും സംവാദം സംവേദന മാധ്യമമാക്കണമെന്നാണ് ഹജ്ജ് നല്‍കുന്ന സുപ്രധാനമായ സന്ദേശമെന്നും ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി. മീഡിയ പ്ളസ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇബ്റാഹിം പ്രവാചകന്‍ ആരംഭിച്ച ഹജ്ജ് സാര്‍വ ലൌകികതയുടെ സന്ദേശമാണ്. ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ ഹാജിയാണ്. ഹജ്ജ് എന്ന് വാക്കിന്റെ അര്‍ഥം പോലും സംവാദം എന്നാണ്. ഹാജി എന്നാല്‍ സംവദിക്കാന്‍ സാധിക്കുന്നവന്‍ എന്ന് കൂടിയാണ്. കാലത്തോട്, ലോകത്തോട്, സമൂഹത്തോട്, കുടുംബത്തോട്, തന്നോട് നിരന്തരം ദൈവത്തിനുവേണ്ടി സര്‍ഗാത്മക സംവാദം നടത്താന്‍ കഴിവുള്ളവനാവുക കൂടിയാണ് ഹജ്ജിലൂടെ. ആശയ വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടേയും സമകാലിക പരിസരത്തില്‍ പ്രവാചകന്‍ ഇബ്റാഹിമിന്റെ സര്‍ഗാത്മകമായ സംവാദ സംസ്കാരത്തിനു കൂടുതല്‍ പ്രസക്തിയുണ്െടന്ന്് അദ്ദേഹം പറഞ്ഞു.

വേദങ്ങള്‍ മനുഷ്യര്‍ക്കുള്ളത്, പ്രവാചകന്‍മാര്‍ മനുഷ്യര്‍ക്കുള്ളത്, ആരാധനാലയങ്ങള്‍ മനുഷ്യര്‍ക്കുള്ളത്. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കൊടും വിഷം വിമിക്കുന്നവര്‍ തിമിര്‍ത്താടുന്ന ഫാസിസത്തിന്റെ അസുരകാലത്ത്് പുഞ്ചിരിയോടെ സുഖവും ദുഖവും കരുതിവയ്പില്ലാതെ പങ്ക് വയ്ക്കാന്‍ കഴിയുന്ന സാമൂഹിക സാഹചര്യം ബോധപൂര്‍വം വളര്‍ത്തേണ്ടതുണ്ട്. ബലി പെരുന്നാളിലൂടെ സര്‍ഗാത്മക സംവാദത്തിനുള്ള സകലവാതിലുകളും നമുക്ക് തുറന്നു വയ്ക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.