അഭയാര്‍ഥിപ്രവാഹത്തിനെതിരേ യൂറോപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു
Tuesday, September 22, 2015 6:05 AM IST
ബര്‍ലിന്‍: യുദ്ധം തളര്‍ത്തിയ സിറിയയില്‍നിന്നും ഇറാക്കില്‍നിന്നും എത്തുന്ന അഭയാര്‍ഥികളുടെ അനിയന്ത്രിതമായ ഒഴുക്ക് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു.

കടല്‍ കടന്നോ, മറ്റു രാജ്യങ്ങളില്‍ കൂടിയോ ആദ്യമായി എത്തുന്ന ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ വന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥാപിക്കുക, യൂറോപ്പിലേക്ക് വരാതിരിക്കാന്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ ക്യാമ്പുകളുടെ നിര്‍മാണത്തിനു സാമ്പത്തികസഹായം നല്‍കുക, അസാധാരണ അഭയാര്‍ഥികളെ തടവിലിടുക തുടങ്ങിയ പദ്ധതികളാണു യൂറോപ്യന്‍ യൂണിയന്റെ പരിഗണനയിലുള്ളത്. ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തരമന്ത്രിമാരുടെ യോഗം പ്രസ്തുത വിഷയങ്ങളില്‍ അനുകൂല തീരുമാനം എടുക്കുമെന്നാണു സൂചന.

ജര്‍മനിക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കി. ഓസ്ട്രിയന്‍ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ചാണു അഭയാര്‍ഥികളുടെ വരവിനെ ചെറുക്കുന്നത്. നൂറുകണക്കിനു കിലോമീറ്റര്‍ നീളത്തില്‍ കമ്പിവേലി തീര്‍ത്ത ഹംഗറിക്കു പിന്നാലെ സ്ളോവാക്യയും അതിര്‍ത്തികള്‍ അടച്ചു. എല്ലാ രാജ്യങ്ങളും വഴിയടയ്ക്കുന്നത് പതിനായിരക്കണക്കിന് അഭയാര്‍ഥികളെ നിയമകുരുക്കില്‍പെട്ട് അലയുന്നവരാക്കിമാറ്റുമെന്നു യുഎന്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ നടപടികളുമായി മുന്നോട്ടു പോകുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍