നരേന്ദ്ര മോദി സെപ്റ്റംബര്‍ 23ന് അയര്‍ലന്‍ഡില്‍
Tuesday, September 22, 2015 6:05 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡ് സന്ദര്‍ശനാര്‍ഥം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 23നു (ബുധന്‍) എത്തുന്നു. രാവിലെ 11ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡബ്ളിന്‍ വിമാനത്താവളത്തിലെത്തുന്ന നരേന്ദ്ര മോദിയെ ഐറിഷ് മന്ത്രിസഭാംഗങ്ങളും ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാര്‍ലോകേഷും ചേര്‍ന്ന് സ്വീകരിക്കും.

ഡബിള്‍ ട്രീ ഹോട്ടലില്‍ വിശ്രമിച്ചശേഷം ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വ്യാപാര മേഖലയില്‍ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും. ഉച്ചഭക്ഷണത്തിനുശേഷം രണ്ടു മുതല്‍ നാലു വരെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചോടെ അമേരിക്കയിലേക്ക് തിരിക്കും.

60 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. 1956ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ആണ് ഇതിനു മുമ്പ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. ആയിരത്തിലധികം പേര്‍ക്ക് സന്ദര്‍ശക പാസുകള്‍ എംബസിയില്‍നിന്ന് അയച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്