വൈജ്ഞാനികകേന്ദ്രങ്ങളെ ശക്തമാക്കുക: കാന്തപുരം
Tuesday, September 22, 2015 6:00 AM IST
ജിദ്ദ: ഇസ്ലാമിക കര്‍മശാസ്ത്ര വിധികള്‍ പണ്ഡിതന്മാരില്‍നിന്നും പഠിച്ചറിയുകയും യഥാവിധി ജീവിതത്തില്‍ പകര്‍ത്തുകയും വൈജ്ഞാനിക കേന്ദ്രങ്ങളെ ശക്തമാക്കുകയും ചെയ്യണമെന്ന് അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ജിദ്ദ സെന്‍ട്രല്‍ ഐസിഎഫ് വാര്‍ഷിക കൌണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാനം നേടുന്നതില്‍നിന്നു പിന്‍വലിയാന്‍ പാടില്ല, അറിവു നേടി ശക്തി വര്‍ധിപ്പിക്കുകയും ഇസ്ലാമിന്റെ യശസ് ഉയര്‍ത്തുകയുമാണ് വേണ്ടത്. അതിനായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാവണമെന്നും അത്തരം വിദ്യാ കേന്ദ്രങ്ങളെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാവരും സര്‍വാത്മനാ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്വൈഎസ് കേരളത്തില്‍ തീര്‍ത്ത വൈജ്ഞാനിക വിപ്ളവം അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി. ഐസിഎഫിന്റെ തഖ്വിയ പോലുള്ള പദ്ധതികളിലൂടെ വൈജ്ഞാനിക മേഖലകള്‍ കൂടുതല്‍ വ്യാപൃതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അബ്ദുള്‍ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. സയിദ് ഹബീബ് അല്‍ബുഖാരി കൌസി ഉദ്ഘാടനം ചെയ്തു. ബഷീര്‍ പറവൂര്‍, സൈദ് കൂമണ്ണ, മുജീബ് എ.ആര്‍.നഗര്‍, മുഹമ്മദലി വേങ്ങര, അഹമ്മദ് കബീര്‍ പെരുമണ്ണ എന്നിവര്‍ വിവിധ കാബിനറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സയിദ് പൂക്കോയ കരീം, സയിദ് സൈനുല്‍, ആബിദീന്‍ ബവാദി, ബഷീര്‍ എറണാകുളം തുടങ്ങിയവര്‍ സംസാരിച്ചു. നാഷണല്‍ ഐസിഎഫ് സംഘടനാകാര്യ ഉപാധ്യക്ഷന്‍ അബ്ദുള്‍ റഹീം പാപ്പിനിശേരി കൌസി. നിയന്ത്രിച്ചു. അബ്ദുള്‍ ഖാദിര്‍ തിരുനാവായ സ്വാഗതവും അബ്ദുള്‍ ഗഫൂര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍