മിനസോട്ട മലയാളികള്‍ ഓണം ആഘോഷിച്ചു
Tuesday, September 22, 2015 5:58 AM IST
മിനിയപോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എംഎംഎ) ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കൃഷ്ണന്‍ കുട്ടി നായര്‍ നിലവിളക്കു തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു കേരളത്തിന്റെ തനതു കലാരൂപങ്ങളായ കേരളനടനം, തിരുവാതിര, കുമ്മാട്ടി, കാവടി, ശിങ്കാരിമേളം, മോഹിനിയാട്ടം, ഭരതനാട്യം, തെയ്യം എന്നിവ കോര്‍ത്തിണക്കി സോന നായരും സംഘവും അവതരിപ്പിച്ച നൃത്തശില്‍പ്പം കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി.

ഓണ പൂക്കള മത്സരത്തില്‍ സരിത മനോജ് വിജയിയായി. പായസ മത്സരത്തില്‍ സിന്ധു നായര്‍ ഒന്നാം സ്ഥാനവും സുമ നായര്‍ രണ്ടാം സ്ഥാനവും സുമി ബിജോ മൂന്നാം സ്ഥാനവും നേടി. വര്‍ണോത്സവം മത്സരത്തില്‍ കലാതിലകമായി തെരഞ്ഞെടുത്ത ഗൌരവ് നായര്‍, ദിയ മേനോന്‍, ഗൌതം മുട്ടശേരില്‍, മേഘ ഗ്ളാഡ്വിന്‍ എന്നിവര്‍ക്ക് സിഎസ് സൊലൂഷന്‍സ് സ്പോണ്‍സര്‍ ചെയ്ത ട്രോഫികള്‍ പോള്‍ കുറ്റിക്കാടന്‍ സമ്മാനിച്ചു. ജീന ജോസ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

ബിനോയ് മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യയും തുടര്‍ന്നു നടന്ന കലാസന്ധ്യയോടുംകൂടി ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.

എംഎംഎ പ്രസിഡന്റ് സുരേഷ് നായര്‍ സ്വാഗതവും ജോ. സെക്രട്ടറി ഗ്ളാഡ്വിന്‍ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.