ഈ വിജയം ജനങ്ങളുടേത്: അലക്സിസ് സിപ്രാസ്
Monday, September 21, 2015 8:20 AM IST
ഏഥന്‍സ്: ഇടതുപക്ഷ സൈറിസ പാര്‍ട്ടി ഗ്രീക്ക് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ജനങ്ങളുടെ വിജയമെന്ന് പ്രധാനമന്ത്രി അലക്സി സിപ്രാസ്. ആറു വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതും വിജയിക്കുന്നതും.

ബുദ്ധിമുട്ടേറിയ പാതയാണ് ഗ്രീക്കുകാരുടെ മുന്നിലുള്ളതെന്നു സിപ്രാസ് സമ്മതിച്ചു. കഠിനാധ്വാനത്തിലൂടെ മാത്രമേ കഷ്ടപ്പാടിന്റെ കാലം മറികടക്കാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂ ഡെമോക്രസി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റവാങ്ങി. പാതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ സൈറിസ പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. ഇന്‍ഡിപെന്‍ഡന്റ് ഗ്രീക്ക്സ് അവര്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് സൈറിസ 35 ശതമാനവും ന്യൂ ഡെമോക്രാസി 28 ശതമാനവും വോട്ടു നേടി.

ഓഗസ്റില്‍ സൈറിസ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 55 ശതമാനം പേര്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

മൂന്നൂറ് അംഗ പാര്‍ലമെന്റില്‍ സിറിസയ്ക്കു ഇത്തവണ 145 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെ സിറിസ കൂട്ടുകക്ഷി ഭരണം നടത്താനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് നേതാക്കള്‍. ഏഴു മാസം മുമ്പു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സിപ്രസിനും പാര്‍ട്ടിക്കും 36.4 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍