രാധിക തിലകിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Monday, September 21, 2015 8:10 AM IST
കൊളോണ്‍: പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക രാധിക തിലകിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ വിവിധ സാംസ്കാരിക സംഘടനകള്‍ അനുശോചിച്ചു.

ലളിതഗാനത്തിലൂടെ സംഗീത ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട രാധിക എന്ന ഗായികയുടെ ഭാവാത്മക ശബ്ദം മലയാള സംഗീതരംഗത്ത് തന്റേതായ തരംഗം സൃഷ്ടിച്ചിരുന്നു. വേറിട്ട വ്യക്തിത്വം നിലനിര്‍ത്തിയ ഗായികയെന്ന നിലയില്‍ സംഗീത പ്രേമികള്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാനങ്ങളിലൂടെ രാധിക ചിരകാലം ജീവിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അകാലത്തില്‍ പൊലിഞ്ഞ ഉന്നത കലാകാരിക്ക് പ്രണാമം അര്‍പ്പിച്ചു.

ജര്‍മനിയിലെ കൊളോണില്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിനൊപ്പം ഗാനമേള  അവതരിപ്പിച്ചിട്ടുള്ള രാധിക തിലകിനെ ജര്‍മന്‍  മലയാളികള്‍ക്ക് സുപരിചിതയാണ്. മാത്രവുമല്ല 1999 ല്‍ കുമ്പിള്‍ ക്രിയേഷന്‍സ് പുറത്തിറക്കിയ 'സ്വര്‍ഗീയാരാമം' എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തില്‍ ജോസ് കുമ്പിളുവേലില്‍ രചിച്ച രണ്ടു ഗാനങ്ങള്‍ രാധിക ആലപിച്ചിരുന്നു. ഈ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് വയലിന്‍ ജേക്കബും ആയിരുന്നു.