ഹൈഡല്‍ബര്‍ഗ് കൈരളി ഫെറയിന്‍ തിരുവോണവും മുപ്പതാം വാര്‍ഷികവും ആഘോഷിച്ചു
Monday, September 21, 2015 6:11 AM IST
ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറയിന്‍ സെപ്റ്റംബര്‍ 12നു (ശനി) വൈകുന്നേരം അഞ്ചിന് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളില്‍ തിരുവോണവും മുപ്പതാം വാര്‍ഷികവും ആഘോഷിച്ചു.

ഹൈഡല്‍ബെര്‍ഗിലെ വിദേശകാര്യ വിഭാഗം ഉപാധ്യക്ഷ കത്രിന്‍ മെച്ചലര്‍ മുഖ്യാതിഥിയായി പരിപാടികളില്‍ പങ്കെടുത്തു. താലപ്പൊലിയേന്തിയ വനിതകള്‍ക്കൊപ്പം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റു. കൈരളി ഫെറയിന്‍ പ്രസിഡന്റ് മൈക്കിള്‍ കിഴുകണ്ടയില്‍ അതിഥികളെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഓണപ്പാട്ടുകള്‍, ശാസ്ത്രീയ - നാടോടി നൃത്തം, കൈകൊട്ടിക്കളി, വള്ളംകളി തുടങ്ങി നാടന്‍ കലാപരിപാടികള്‍ കൊണ്ടുവേദി സജീവമായി. നിഷാത്ത് നയിച്ച കളരിപയറ്റ്, അഭ്യാസമുറകള്‍ എന്നിവ സദസിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. ഇടവേളയ്ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. തുടര്‍ന്ന് ടൂണ്‍സ് ജര്‍മനി ട്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി. അച്ചാമ്മ പുത്തൂര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍