വിയന്നയില്‍ നവംബര്‍ മുതല്‍ ഞായറാഴ്ചകളിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കും
Monday, September 21, 2015 6:10 AM IST
വിയന്ന: നവംബര്‍ മുതല്‍ വിയന്നയില്‍ കടകള്‍ ഞായറാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കും. ഒക്ടോബറില്‍ നടക്കുന്ന സംസ്ഥാന ഇലക്ഷനു ശേഷമായിരിക്കും ഈ പുതിയ നിയമം നടപ്പില്‍ വരിക.

നിയമം നടപ്പിലാക്കുമ്പോള്‍ എല്ലാ ടൂറിസ്റ് കേന്ദ്രങ്ങളിലുമോ, അല്ലെങ്കില്‍ വിയന്നയിലെ ഒന്നാമത്തെ ജില്ലയില്‍ മാത്രമായോ ഞായറാഴ്ച ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.

ഞായറാഴ്ച കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമൂലം പുതിയ തൊഴില്‍ അവസരങ്ങള്‍ ഒരുക്കണമെന്നും ആ തസ്തികകളിലേക്ക് യുവജനങ്ങളെ മാത്രം റിക്രൂട്ട് ചെയ്യണമെന്നുമാണ് തൊഴില്‍ സംഘടനകളുടെ പ്രധാന ആവശ്യം. കൂടാതെ ഭരണകക്ഷിയിലെ പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളും പിന്തുണയ്ക്കുന്നതുമൂലം നിയമപരമായ എല്ലാ കടമ്പകളും പൂര്‍ത്തിയായികഴിഞ്ഞതായും ഇനി ഒക്ടോബര്‍ 11 നു ശേഷം അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരിന് ഇത് നടപ്പിലാക്കിയാല്‍ മാത്രം മതിയെന്നും സംസ്ഥാന ഭരണകൂടത്തിന്റെ വക്താവ് വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍