അഹമ്മദ് മുഹമ്മദ് സംഭവം: സ്കൂളധികൃതരും പോലീസും കുറ്റക്കാരല്ലെന്നു നോര്‍ത്ത് ടെക്സസ് ഇസ്ലാമിക് അസോസിയേഷന്‍
Monday, September 21, 2015 6:07 AM IST
ഇര്‍വിംഗ് (ടെക്സസ്): സ്വയം നിര്‍രിച്ച ഡിജിറ്റല്‍ ക്ളോക്കുമായി സ്കൂളില്‍ എത്തിയ അഹമ്മദ് മുഹമ്മദിനെ പോലീസ് വിലങ്ങുവച്ച് അറസ്റ് ചെയ്ത സംഭവത്തില്‍ സ്കൂളധികൃതരോ പോലീസോ കുറ്റക്കാരല്ലെന്ന് നോര്‍ത്ത് ടെക്സസിലെ ഇസ്ലാമിക് അസോസിയേഷന്‍.

ഇര്‍വിംഗ് മെക് ആര്‍തര്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന പതിനാലുകാരന്‍ അഹമ്മദ് കൊണ്ടുവന്ന ക്ളോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.

നോര്‍ത്ത് ടെക്സസ് ഇസ്ലാമിക് അസോസിയേഷന്‍ വക്തവായ ഖാലിത് ഹമീദ് സംഭവത്തിനുശേഷം മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കുവാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കന്മാരെയാണ് കുറ്റപ്പെടുത്തിയത്. പോലീസ് ഉദ്യാഗസ്ഥരുടെ സുരക്ഷയെ കരുതിയാണ് വിലങ്ങുവയ്ക്കേണ്ടി വന്നതെന്ന് ഇര്‍വിംഗ് പോലീസ് ചീഫ് പറഞ്ഞു.

അഹമ്മദ് മുഹമ്മദിന്റെ കുടുംബം ഉള്‍പ്പെടുന്ന മോസ്ക്ക് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത് നോര്‍ത്ത് ടെക്സസ് ഇസ്ലാമിക് അസോസിയേഷനാണ്. മാതാപിതാക്കളുടേയോ ലോയറുടേയോ അസാന്നിധ്യത്തില്‍ വിലങ്ങുവച്ച് അഹമ്മദിനെ ചോദ്യം ചെയ്തതില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. അറസ്റ് ദുഃഖകരമായ ഒരു സംഭവമാണെന്നും എന്നാല്‍ മുസ്ലിമുകളെക്കുറിച്ച് ജനങ്ങളുടെ മനസില്‍ ഒരു വ്യതിയാനം സൃഷ്ടിക്കുവാന്‍ അഹമ്മദിനു കഴിഞ്ഞുവെന്നും അഹമ്മദിന്റെ സഹോദരി അയിഷ മുഹമ്മദ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍