കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്റ് ഓണാഘോഷം നടത്തി
Monday, September 21, 2015 6:04 AM IST
സ്റാറ്റന്‍ ഐലന്റ്: കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികലോടെ ആഘോഷിച്ചു.

ഷീലു മാത്യു, ആര്‍ദ്ര മാനസി, സാമുവല്‍ കോശി, ഷാജി എഡ് വേര്‍ഡ്, പോള്‍ കറുകപ്പള്ളി, വര്‍ഗീസ് മാത്യു എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ദ്ര മാനസി മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്‍കി. സജി ജേക്കബ് പ്രാര്‍ഥന ഗാനം ആലപിച്ചു. ദിയ തോമസ് അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. മാസി പ്രസിഡന്റ് സാമുവല്‍ കോശി, ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ് വേര്‍ഡ്, ഫൊക്കാന ട്രസ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, ജോസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഫോമ തിരുവനന്തപുരത്ത് നടത്തുന്ന കാന്‍സര്‍ വാര്‍ഡ് നിര്‍മാണത്തിന് കെഎസ്എസ്ഐയുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് വര്‍ഗീസ് മാത്യു സംഘടനയുടെ പേരിലുള്ള ചെക്ക് ഷാജി എഡ് വേര്‍ഡിനു കൈമാറി. ലക്കി ഡിപ്പില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണവും നടത്തി. ഇതില്‍നിന്നും ലഭിക്കുന്ന വരുമാനത്തില്‍നിന്നും ഒരു കാന്‍സര്‍ രോഗിക്ക് സഹായം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

തുടര്‍ന്നു മുപ്പതില്‍പരം കുടുംബങ്ങള്‍ അവരുടെ ഭവനങ്ങളില്‍നിന്നും പാചകം ചെയ്ത് തയാറാക്കിയ ഓണസദ്യ ഏവരും ആസ്വദിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. മാവേലിയായി വര്‍ഗീസ് ചെറിയാന്‍ വേഷമിട്ടു. ജൂലി ബിനോയിയും മാണി ചാക്കോയും പരിപാടികള്‍ മോഡറേറ്റു ചെയ്തു. കേരള സമാജത്തിന്റെ പിആര്‍ഒ പൊന്നച്ചന്‍ ചാക്കോ എംസിയായിരുന്നു.

ബിനോയ് തോമസ്, ഒ.വി. മത്തായി, ജോയിക്കുട്ടി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ആഘോഷ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് പിന്റോ സ്റീഫന്‍