മതേതരത്വം ഉയര്‍ത്തി പിടിച്ചു സഹായിക്കുവാന്‍ കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയില്‍ കഴിയുകയുള്ളൂ
Saturday, September 19, 2015 8:54 AM IST
ജിദ്ദ: ഭിന്നിപ്പിക്കാന്‍വേണ്ടി മതത്തെ ഉപയോഗിക്കുന്ന കാലത്ത് ഹജ്ജ് കര്‍മത്തിനെത്തുനവരെ സഹായിക്കുവാന്‍ ഒഐസിസി കാണിക്കുന്ന ഉത്സാഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മതേതരത്വത്തിന്റെ മുഖമാണ് കാണിക്കുനതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍. ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു കീഴില്‍ സേവനത്തിനു പോകുന്നവരുടെ ഒഐസിസി ഹജ്ജ് വോളന്റിയര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാധന കര്‍മത്തെ മതേതരത്വം ഉയര്‍ത്തി പിടിച്ചു സഹായിക്കുവാന്‍ കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയില്‍ കഴിയുകയുള്ളൂ. അധികാരത്തിലേയ്ക്കുള്ള ചവിട്ടുപടിയായി മതത്തെ ഉപയോഗിച്ചു ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുവാന്‍ അധിക കാലം ആര്‍ക്കും സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

റീജണല്‍ കമ്മിറ്റിയുടെ ഒന്നാം വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വി.എ. നാരായണന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി പറമ്പന്‍ റഷീദ്, ഹജ്ജ് വെല്‍ഫയര്‍ ഫോറം ചെയര്‍മാന്‍ ചെമ്പന്‍ അബാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വോളണ്ടിയര്‍ സേവനത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് കിംഗ് അബ്ദുള്‍ അസിസ് യൂണിവേഴ്സിറ്റിയിലെ ഡോ. ഇസ്മയില്‍ മരുതേരി, സിജി റിസോഴ്സ് പേഴ്സണ്‍ റഷീദ് അമീര്‍, മാലിക് സിദ്ദിഖ് എന്നിവര്‍ ക്ളാസെടുത്തു. ഒഐസിസി ഹജ്ജ് വിംഗ് ക്യപ്റ്റന്‍ സഹീര്‍ മാഞ്ഞാലി സ്വാഗതവും ട്രഷറര്‍ ശ്രിജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു. ഒ.ഐസിസിയുടെ 150 ഓളം പേരാണു മിനയില്‍ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു കീഴില്‍ സേവന രംഗത്ത് ഉണ്ടാകുക.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍