സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് :  റിയാദിലും പ്രതിഷേധം ശക്തമാകുന്നു
Saturday, September 19, 2015 8:54 AM IST
റിയാദ്: കരിപ്പൂര്‍ വിമാനത്താവളത്തോട് അധികൃതരും ഭരണവര്‍ഗവും ഉദ്യോഗസ്ഥ ലോബിയും കാണിക്കുന്ന അനീതിക്കും വിവേചനത്തിനുമെതിരെ കോഴിക്കോട്ടുനിന്ന് ആരംഭിച്ച പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി ഗള്‍ഫ് നാടുകളിലുടനീളം സാമൂഹ്യ-സാംസ്കാരിക സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും മുന്നോട്ടു വരുന്നു.

ശക്തമായ പ്രതിഷേധ പരിപാടികള്‍ ഗള്‍ഫുനാടുകളിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്താനും നാട്ടില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളിലേക്ക് പ്രതിനിധികളെ അയയ്ക്കാനും സംഘടനകള്‍ തീരുമാനമെടുത്തു. സൌദി അറേബ്യയിലും ജിദ്ദയിലും റിയാദിലും ദമാമിലും ഇത്തരം കൂട്ടായ്മകള്‍ നിലവില്‍ വന്നു.

റിയാദില്‍ കഴിഞ്ഞ ദിവസം ഫ്രണ്ട്സ് ക്രിയേഷന്‍സ് നേതൃത്വം നല്‍കി വിളിച്ചു ചേര്‍ത്ത പ്രതിഷേധ യോഗത്തില്‍ നിരവധി സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ത്വരിതപ്പെടുത്തുക, ചെറിയ വിമാനങ്ങള്‍ക്കും ഇടത്തരം വിമാനങ്ങള്‍ക്കും റണ്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തുതന്നെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക, ഹജജ് സര്‍വീസ് അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട്ടേക്കു തന്നെ തിരിച്ചു കൊണ്ടു വരിക, വിമാനത്താവള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി നല്‍കുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനുള്ള പ്രത്യക്ഷ സമരപരിപാടികളുമായി ഗള്‍ഫില്‍ ഉടനീളം രൂപീകരിക്കുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റിയോട് ചേര്‍ന്നും നാട്ടിലെ സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംയുക്ത സമരസമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചും മുമ്പോട്ടു പോകാന്‍ റിയാദില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠേന തീരുമാനിച്ചു.

അറ്റകുറ്റ പണികള്‍ക്ക് എന്ന പേരില്‍ മധ്യവേനലവധിയും ഹജജ്, ഓണം, പെരുന്നാള്‍ തുടങ്ങിയ പ്രവാസികള്‍ ഏറ്റവുമധികം യാത്ര ചെയ്യുന്ന കഴിഞ്ഞ നാലു മാസമായി കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിട്ടിരിക്കയാണ്. ഇതില്‍ ഏറെ ദുരൂഹതയുള്ളതായും എല്ലാ ആധുനിക സൌകര്യങ്ങളും ലഭ്യമായ ഇക്കാലത്ത് റണ്‍വേ റീ കാര്‍പ്പറ്റിംഗിന് രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കും എന്ന് പറയുന്നത് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ഇന്ത്യയിലെ 111 പൊതുമേഖലാ വിമാനത്താവളങ്ങളില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള അണയറനീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം പ്രവാസികളില്‍നിന്ന് ഉയരണമെന്നുയോഗം അഭിപ്രായപ്പെട്ടു.

ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നോര്‍ക്ക സൌദി പ്രതിനിധി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാന്‍ അധ്യക്ഷത വഹിച്ചു. അക്ബര്‍ വേങ്ങാട്ട്, സലിം കളക്കര, അഹമ്മദ് മേലാറ്റൂര്‍, ആര്‍. മുരളീധരന്‍, കോയ ഫറൂഖ്, നസ്റുദ്ദീന്‍ വി.ജെ, മുസ്തഫ പാണ്ടിക്കാട്, ഡോ. ഷാഹുല്‍ ഹമീദ്, ജയന്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിയാദില്‍നിന്നുള്ള പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 30 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. അക്ബര്‍ വേങ്ങാട്ട് ചെയര്‍മാനും ആര്‍. മുരളീധരന്‍ ജനറല്‍ കണ്‍വീനറും അബ്ദുള്‍ അസീസ് കോഴിക്കോട് ട്രഷററുമായ സമിതിയില്‍ സലിം കളക്കര (വൈസ് ചെയര്‍മാന്‍), പൂക്കോയ തങ്ങള്‍, ലത്തീഫ് തെച്ചി (കണ്‍വീനര്‍മാര്‍), മുസ്തഫ പാണ്ടിക്കാട്, നവാസ് ഓപ്പീസ് (കോ-ഓര്‍ഡിനേറ്റര്‍മാര്‍), വി.ജെ നസറുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് മറ്റ് അംഗങ്ങള്‍. മുഖ്യ രക്ഷാധികാരിയായി ഷിഹാബ് കൊട്ടുകാടിനെയും രക്ഷാധികാരികളായി ഉണ്ണിക്കൃഷ്ണന്‍, മൊയ്തീന്‍കോയ, സക്കീര്‍ വടക്കുംതല, ദീപക്, കോയ ഫറൂഖ് എന്നിവരേയും തെരഞ്ഞെടുത്തു.

ഉബൈദ് എടവണ്ണ സ്വാഗതവും അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു. നവാസ് വെള്ളിമാടുകുന്ന്, അര്‍ഷദ് മാച്ചേരി, മുഹമ്മദലി കൂടാളി, അബ്ദുള്ള വല്ലാഞ്ചിറ, ജലീല്‍ ആലപ്പുഴ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍