നഴ്സിംഗ് റിക്രൂട്ട്മെന്റ്; കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊള്ളണം: കെ.സി. ജോസഫ്
Friday, September 18, 2015 8:03 AM IST
അബുദാബി: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊള്ളണമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. നിലവിലുള്ള സാഹചര്യം തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ ആശുപത്രികളിലെയും നഴ്സിംഗ് തസ്തികകള്‍ മറ്റു രാജ്യക്കാര്‍ കൈയടക്കുമെന്നു മന്ത്രി മുന്നറിയിപ്പു നല്‍കി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയതായിരുന്നു അദ്ദേഹം.

നഴ്സിംഗ് റിക്രൂട്ട്മെന്റ് രംഗത്ത് ഉതുപ്പ് വര്‍ഗീസിനെപ്പോലുള്ള മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതാണു നിയമപരമായ നിരവധി കടമ്പകള്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യമുണ്ടായത്. പക്ഷേ, ഇതിന്റെ പേരില്‍ നൂറുകണക്കിനു നഴ്സുമാര്‍ക്കു തൊഴില്‍ നിഷേധിക്കപ്പെടുന്നത് ആശാസ്യമല്ല. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നുള്ള നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമല്ല എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതുമൂലം കഴിഞ്ഞ മാര്‍ച്ച് 12 മുതല്‍ റിക്രൂട്ട്മെന്റ് ലഭിച്ചവര്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥരാണ് കടുംപിടുത്തം സൃഷ്ടിച്ചിരിക്കുന്നതെന്നു മന്ത്രി ആരോപിച്ചു. റിക്രൂട്ട്മെന്റ് രംഗത്തെ കൊള്ള അവസാനിപ്പിക്കാനും വിദേശ രാജ്യങ്ങളിലെ ജോലി സാധ്യതകള്‍ നേടിയെടുക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും നഴ്സസുമാരെ റിക്രൂട്ട് ചെയ്യുന്നതിനു ഇന്നുള്ള നിയമപരമായ നൂലാമാലകളില്‍ കൂടി കടന്നുപോകാന്‍ താത്പര്യമില്ലെന്നാണ് ഇവിടെയുള്ള ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള