നിയമപരമായ അധികാരമുള്ള എന്‍ആര്‍ഐ കമ്മീഷന്‍ രൂപവത്കരിക്കും: കെ.സി.ജോസഫ്
Friday, September 18, 2015 8:02 AM IST
അബുദാബി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിനു നിയമപരമായ അധികാരങ്ങളോടു കൂടിയ എന്‍ആര്‍ഐ കമ്മീഷന്‍ രൂപവത്കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. അബുദാബിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി.

പ്രവാസികളുടെ ഭൂമി അന്യാധീനപ്പെടുത്തല്‍, നാട്ടിലുള്ള മാതാപിതാക്കളുടെ സുരക്ഷിതത്വ പ്രശ്നങ്ങള്‍ തുടങ്ങി ഉയര്‍ന്നുവന്നിട്ടുള്ള കാര്യങ്ങളില്‍ ഇടപെടുന്നതിനാണ് നിയമാധികാരമുള്ള കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് താമസിയാതെ ഇറങ്ങുമെന്നും മന്ത്രി വെളിപ്പെടുത്തി. നിലവില്‍ പ്രവാസികളുടെ പരാതികള്‍ പോലീസിനു കൈമാറാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഇത് കാലതാമസം ഉണ്ടാക്കുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

കേരളത്തിലെ സര്‍ക്കാരിനു കീഴിലുള്ള ഫോക്ലോര്‍ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിനും അറബ് രാജ്യങ്ങളുമായി സാംസ്കാരിക വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സ്ഥിരം സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഫോക്ലോര്‍ അക്കാഡമി കലാകാരന്മാര്‍ അബുദാബി മലയാളിസമാജത്തില്‍ നടത്തുന്ന പരിപാടി അതിനു തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു.

വിദേശ വിമാന സര്‍വീസ് നടത്താന്‍ ഇന്നുള്ള നിയമപരമായ നിബന്ധനകളില്‍ ഇളവു വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇളവുകള്‍ നിലവില്‍ വന്നിട്ടില്ല. അത്തരം സാഹചര്യമുണ്ടായാല്‍ എയര്‍ കേരളയുടെ സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ മുമ്പോട്ടു വരും. ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനത്തിനു കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ മാത്രമേ പ്രവാസി വോട്ടു യാഥാര്‍ഥ്യമാകൂ.

പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ജോണി തോമസ്, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള